മമതയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് സോണിയാ ഗാന്ധി; നല്‍കിയത് ആകര്‍ഷണീയമായ വാഗ്ദാനം

ദേശീയ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന നിർണായക നീക്കങ്ങളുമായി കോൺഗ്രസ് നേതൃത്വം. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കടുത്ത ആഭ്യന്തര പ്രതിസന്ധി നേരിടുന്നതിനിടെ, പാർട്ടി അധ്യക്ഷ മമത ബാനർജിയെ കോൺഗ്രസിലേക്ക് സോണിയ ഗാന്ധി സ്വാഗതം ചെയ്തതായാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. മമതയെ കോൺഗ്രസിന്റെ ദേശീയ ഉപാധ്യക്ഷയാക്കാമെന്ന വലിയ വാഗ്ദാനം ഹൈക്കമാൻഡ് മുന്നോട്ടുവെച്ചതായും സൂചനകളുണ്ട്.

ഇതിന്റെ ഭാഗമായി തൃണമൂൽ നേതാവ് അഭിഷേക് ബാനർജി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി നിർണായക കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാവി പരിപാടികളാണ് ചർച്ച ചെയ്തതെന്നാണ് അഭിഷേക് ബാനർജിയുമായി അടുത്ത വൃത്തങ്ങൾ ഔദ്യോഗികമായി പ്രതികരിക്കുന്നതെങ്കിലും, അതിനപ്പുറം മമതയെയും കൂട്ടരെയും കോൺഗ്രസിലേക്ക് തിരികെ എത്തിക്കാനുള്ള വലിയ രാഷ്ട്രീയ അജണ്ടയാണ് ഈ ചർച്ചകൾക്ക് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ബംഗാൾ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് മമത ബാനർജി ഇപ്പോൾ കടന്നുപോകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വോട്ട് വിഹിതം ലഭിച്ചെങ്കിലും, നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം പോലും നിലനിർത്താനാകാത്ത വിധം പാർട്ടി തകരുകയും വിമത വിഭാഗം ശക്തമാകുകയും ചെയ്ത അവസ്ഥയിലാണ്.

നിലവിൽ തൃണമൂൽ കോൺഗ്രസിന് ആകെ 28 ലോക്സഭാ എംപിമാരാണുള്ളത്. ഇതിൽ 23 പേരും ഇതിനകം തന്നെ വിമത ക്യാമ്പിലേക്ക് ചേക്കേറിക്കഴിഞ്ഞു എന്നാണ് വിവരങ്ങൾ. കേവലം അഞ്ച് എംപിമാർ മാത്രമാണ് ഇപ്പോൾ മമതയ്ക്കൊപ്പം ഉറച്ചുനിൽക്കുന്നത്. പാർലമെന്ററി പാർട്ടിയിലും നിയമസഭയിലും ഭൂരിപക്ഷം നഷ്ടമാകുന്നതോടെ, 1997-ൽ മമത തന്നെ മുൻകൈയെടുത്ത് രൂപീകരിച്ച തൃണമൂൽ കോൺഗ്രസ് പൂർണ്ണമായും കൈവിട്ടുപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഈ സാഹചര്യത്തിൽ രാഷ്ട്രീയ നിലനിൽപ്പിനായി 29 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമത ബാനർജി സ്വന്തം തട്ടകമായ കോൺഗ്രസിലേക്ക് തന്നെ തിരിച്ചുപോകാനുള്ള സാധ്യതകളാണ് പ്രവചിക്കപ്പെടുന്നത്. ദേശീയ തലത്തിൽ കോൺഗ്രസ് നടത്തുന്ന ഈ അടിയന്തര നീക്കത്തിൽ മമത എന്ത് തീരുമാനമെടുക്കും എന്നാണ് ഇപ്പോൾ രാജ്യം ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *