ബളാൽ പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു; മുന്നറിയിപ്പ് നൽകി അധികൃതർ

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ബളാൽ പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നതായി റിപ്പോർട്ട്. പഞ്ചായത്തിലെ മൂന്നാം വാർഡിൽ മാത്രം 13 പേർ ഡെങ്കിപ്പനി ബാധിച്ച് നിലവിൽ ചികിത്സയിലാണ്. രോഗബാധിതർ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലും കുടുംബാരോഗ്യ കേന്ദ്രത്തിലുമായി ചികിത്സയിൽ കഴിയുകയാണെന്ന് അധികൃതർ അറിയിച്ചു.

രോഗവ്യാപനം കണക്കിലെടുത്ത് കടുത്ത അതിജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളരിക്കുണ്ട്, കൊന്നക്കാട് കുടുംബാരോഗ്യ കേന്ദ്രങ്ങളും ബളാൽ പഞ്ചായത്തും സംയുക്തമായി മുന്നറിയിപ്പ് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കൊന്നക്കാട് ആരോഗ്യകേന്ദ്രത്തിന്റെ പരിധിയിൽ കഴിഞ്ഞ മാസങ്ങളിലും മൂന്ന് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പും ഗ്രാമപ്പഞ്ചായത്തും സംയുക്തമായി പ്രദേശത്ത് ഫോഗിങ്ങും ഉച്ചഭാഷിണിയിലൂടെയുള്ള പ്രതിരോധ ബോധവൽക്കരണവും ആരംഭിച്ചിട്ടുണ്ട്.

ഡെങ്കിപ്പനി: ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, കടുപ്പമേറിയ തലവേദന, പേശിവേദന, തൊലിപ്പുറത്തുണ്ടാകുന്ന ചുവന്ന പാടുകൾ, ശരീരത്തിന്റെ ചില ഭാഗങ്ങളിൽ നിന്നുള്ള രക്തസ്രാവം എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ പൂർണ്ണമായും ഒഴിവാക്കി ഉടൻ തന്നെ കൃത്യമായ വൈദ്യസഹായം തേടണമെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കൃത്യമായ ചികിത്സയും വിശ്രമവും ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ജൂൺ 6, 7 തീയതികളിൽ വിപുലമായ ശുചിത്വയജ്ഞം

ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ജൂൺ 6, 7 തീയതികളിൽ ബളാൽ പഞ്ചായത്തിൽ വിപുലമായ രീതിയിൽ ശുചിത്വയജ്ഞം നടത്താൻ ഗ്രാമപ്പഞ്ചായത്ത് വിളിച്ചുചേർത്ത അടിയന്തര യോഗം തീരുമാനിച്ചു. ആരോഗ്യപ്രവർത്തകർക്കൊപ്പം കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിതകർമസേന, വ്യാപാരികൾ എന്നിവരുടെ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും.

ബളാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. ലതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, കെ.വി. ഗിരീഷ്, ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ, സെക്രട്ടറി ഗോകുൽ ജി. ഗോപ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *