സ്കൂൾ പ്രവേശനോത്സവം കളറാക്കാൻ ചെർക്കളയിൽ നേഹലികയുടെ വക ‘പോമറേനിയൻ’ പാവകൾ

ചെർക്കള: പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച് ഇന്ന് സ്കൂൾ പ്രവേശനോത്സവം നടന്നപ്പോൾ ചെർക്കളയിൽ വിദ്യാലയ മുറ്റത്തേക്ക് ആദ്യമായി കാലെടുത്തുവെച്ച കുരുന്നുകൾക്ക് ലഭിച്ചത് വേറിട്ടൊരു സർപ്രൈസ് സമ്മാനം. ചെർക്കള ഗവ. മാപ്പിള യു.പി. സ്കൂളിൽ എൽ.കെ.ജി., ഒന്നാം തരം എന്നിവടങ്ങളിലേക്ക് എത്തിയ അൻപതിലേറെ കുട്ടികൾക്കാണ് മുൻ വിദ്യാർത്ഥിനിയുടെ സ്നേഹസമ്മാനം കളിക്കൂട്ടുകാരനായി മാറിയത്.

കഴിഞ്ഞ വർഷം ഇതേ സ്കൂളിൽ ഏഴാം ക്ലാസിൽ പഠിച്ചിറങ്ങിയ പാടി സ്വദേശിനി പി.ആർ. നേഹലികയാണ് അനിയത്തിമാർക്കും അനിയന്മാർക്കുമായി സൗജന്യമായി മൃദു കളിപ്പാട്ടങ്ങൾ ഒരുക്കി നൽകിയത്.

പോമറേനിയൻ ഇനത്തിൽപ്പെട്ട നായക്കുട്ടികളുടെ രൂപത്തിലുള്ള അതിമനോഹരമായ പാവകളെയാണ് നേഹലിക നിർമ്മിച്ചിരിക്കുന്നത്. ഏകദേശം ഒരു മാസത്തോളമായി വീട്ടിലിരുന്നാണ് ഈ കൊച്ചു മിടുക്കി കളിപ്പാട്ടങ്ങൾ തയ്യാറാക്കിയത്. മൂന്ന് മണിക്കൂറിലേറെ സമയമെടുത്താണ് ഓരോ നായക്കുട്ടിയുടെയും രൂപം ഉണ്ടാക്കുന്നത്. കളിപ്പാട്ട നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങൾ സ്കൂൾ പി.ടി.എ. കമ്മിറ്റിയാണ് വാങ്ങി നൽകിയത്. ഇന്ന് സ്കൂളിൽ നടന്ന പ്രവേശനോത്സവ ചടങ്ങിൽ വെച്ച് കുട്ടികൾക്ക് മധുരത്തോടൊപ്പം ഈ കളിപ്പാട്ടങ്ങളും വിതരണം ചെയ്തു.

സ്കൂൾ പ്രവൃത്തിപരിചയ മേളകളിൽ പാവ നിർമ്മാണത്തിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള പ്രതിഭയാണ് നേഹലിക. നിലവിൽ ഇരിയണ്ണി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പാടി എ.എൽ.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി നിഹാരിക സഹോദരിയാണ്.

പാടിയിലെ നിർമ്മാണത്തൊഴിലാളി ടി.കെ. രതീഷിന്റെയും, ചെങ്കള നാലാം മൈലിലുള്ള ഹയർ ഗുഡ്‌സ് ഓണേഴ്സ് അസോസിയേഷൻ ഓഫീസ് സെക്രട്ടറി കെ.എസ്. സീനയുടെയും മകളാണ് നേഹലിക. സീനയുടെ പിതൃസഹോദരനും ചെങ്കള ഗ്രാമപ്പഞ്ചായത്ത് അംഗവുമായ സി.വി. കൃഷ്ണന്റെ ഭാര്യയും, കാസർകോട് മർക്കന്റൈൽ സഹകരണ സംഘം ക്ലാർക്കുമായ ഡി. പ്രമീളയാണ് നേഹലികയ്ക്ക് പാവ നിർമ്മാണത്തിൽ ആവശ്യമായ പരിശീലനം നൽകിയത്. ആദ്യദിനം തന്നെ വിദ്യാലയത്തിൽ എത്തിയ കുരുന്നുകളുടെ മനസ്സും നിറച്ചാണ് ചെർക്കളയിലെ ഈ പ്രവേശനോത്സവം സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *