കൊച്ചി: കൊച്ചി: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനുമായ ടി യു കുരുവിള അന്തരിച്ചു. 89 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാത്രി 9.15ഓടെയായിരുന്നു അന്ത്യം. മെയ് പന്ത്രണ്ടിന് ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് ടി യു കുരുവിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. 2006ലെ വി എസ് മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു ടി യു കുരുവിള.
1936 ഓഗസ്റ്റ് പതിമൂന്നിന് ഉതുപ്പ്-മറിയം ദമ്പതികളുടെ മകനായി കോതമംഗലത്തെ ഊഞ്ഞാപ്പാറയിലായിരുന്നു കുരുവിളയുടെ ജനനം. 1964 മുതല്‍ 1978 വരെ കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പ്ലാന്റേഷന് കോര്പ്പറേഷന് ഓഫ് കേരള ചെയര്മാന് (1982-1987), കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് (കെഎസ്എച്ച്ബി) ചെയര്മാന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ (1996-2001), റബ്ബര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ അംഗം (19831987) എന്നീ ചുമതലകള്‍ വഹിച്ചു. 1977 മുതല്‍ 1989 വരെ കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന ട്രഷററായും, 1989 മുതല്‍ 1992 വരെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
2006ല്‍ കോതമംഗലത്തുനിന്ന് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006 നവംബറില്‍ പി ജെ ജോസഫ് വിമാനയാത്രയ്ക്കിടെ ഒരു വനിതയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണത്തെ തുടര്‍ന്ന് രാജിവെച്ചപ്പോള്‍ കുരുവിള മന്ത്രി സ്ഥാനത്തേയ്ക്ക് എത്തി. 2007 സെപ്റ്റംബറില്‍ രാജകുമാരി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കുരുവിള രാജിവെച്ചു. 2008ല്‍ കുരുവിളയ്ക്കെതിരായ കേസില്‍ തെളിവില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. 2011ല്‍ നടന്ന തെരഞ്ഞെടുപ്പിലും ഇദ്ദേഹം കോതമംഗലത്ത് നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു.













Leave a Reply