കാസർകോട്ട് വിഷം കഴിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു

കാസർകോട്: കാസർകോട്ട് വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്ന നവവധുവിനെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റിക്കോൽ, ബേത്തൂർപാറ, വട്ടംതട്ട സ്വദേശിനിയായ അശ്വതി (25) ആണ് മരണപ്പെട്ടത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ അശ്വതി, അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ പറക്കളായി, ചീറ്റക്കാവ് സ്വദേശി രൂപേഷിന്റെ ഭാര്യയാണ്. ഒരു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.
കഴിഞ്ഞ മെയ് 18-നാണ് കാസർകോട്ടെ താമസസ്ഥലത്ത് അശ്വതിയെ വിഷം കഴിച്ച് അതീവ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്‌ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നവവധുവിന്റെ മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും, മരണകാരണം കണ്ടെത്താൻ ഭർത്താവിന്റെയും മറ്റ് ബന്ധുക്കളുടെയും മൊഴികൾ ഉൾപ്പെടെ രേഖപ്പെടുത്തി എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *