തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റ സാധ്യത പ്രവചിച്ച് പീപ്പിൾസ് ഇൻസൈറ്റ് എക്സിറ്റ് പോൾ ഫലം. യുഡിഎഫ് 66 മുതൽ 76 സീറ്റുകൾ വരെ നേടി അധികാരം പിടിച്ചെടുക്കുമെന്നാണ് പ്രവചനം. എന്നാൽ, ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി നടക്കാൻ പോകുന്നത് എൻഡിഎയുടെ പ്രകടനത്തിലാണെന്ന് സർവ്വേ അവകാശപ്പെടുന്നു.
നിയമസഭയിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം 10 മുതൽ 14 സീറ്റുകൾ വരെ നേടുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കില്‍ കേരള രാഷ്ട്രീയത്തിലെ നിർണ്ണായക മുഹുർത്തമായി അത് മാറും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ബിജെപി കാഴ്ചവെച്ച മുന്നേറ്റം നിയമസഭയിലും പ്രതിഫലിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഭരണകക്ഷിയായ എൽഡിഎഫ് 58 മുതൽ 68 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും സർവ്വേ പറയുന്നു. അതായത് പല സിറ്റിംഗ് സീറ്റുകളിലും ഇടത് മുന്നണിക്ക് കനത്ത തിരിച്ചടി നേരിടാൻ സാധ്യതയുണ്ട്. ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ ബിജെപി വോട്ട് വിഹിതം വർധിപ്പിക്കുന്നത് എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ ഭീഷണിയായി മാറിയേക്കും.
പീപ്പിൾസ് ഇൻസൈറ്റ് എന്ന ഒരൊറ്റ എജന്‍സി മാത്രമാണ് ബിജെപിക്ക് ഇത്രയും വലിയ മുന്നേറ്റം പ്രവചിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ബാക്കിയുള്ള ഒട്ടുമിക്ക സർവ്വേയും 0-3 അല്ലെങ്കില്‍ 0-4 വരെ സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന്നത്.
CNN-News18
അതേസമയം, ഇതുവരെ വന്ന എല്ലാ സർവ്വേയും കേരളത്തില്‍ ഭരണ മാറ്റം പ്രവചിക്കുന്നു. 140 നിയമസഭാ സീറ്റില്‍ യുഡിഎഫ് 70 മുതല്‍ 80 വരെ സീറ്റുകള്‍ നേടി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് CNN-News18 എക്സിറ്റ് പോള്‍ പ്രവചനം. എല്‍ഡിഎഫ് 58 മുതല്‍ 68 വരെ സീറ്റ് നേടുമെന്നും ബിജെപിക്ക് നാല് വരെ സീറ്റ് നേടുമെന്നും CNN-News18 പ്രവചിക്കുന്നു.
ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ
യുഡിഎഫ് 78 മുതല്‍ 90 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ പ്രവചനം. എല്‍ഡിഎഫിന് 49 മുതല്‍ 62 സീറ്റുകളാണ് ഇന്ത്യാ ടുഡേ Axis My India പ്രവചനം. ബിജെപി മൂന്ന് വരെ സീറ്റുകള്‍ നേടുമെന്നും Axis My India പ്രവചിക്കുന്നു.
എന്‍ഡിടിവിയുടെ ആക്സിസ് മൈ ഇന്ത്യ
എന്‍ഡിടിവിയുടെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫ് ട്രെന്‍ഡ് പ്രവചിക്കുന്നു. 75 മുതല്‍ 85 സീറ്റുകള്‍ വരെ യുഡിഎഫിന് ലഭിക്കുമെന്നാണ് എന്‍ഡിടിവി എക്സിറ്റ് പോള്‍ പ്രചവിക്കുന്നത്. എല്‍ഡിഎഫിന് 55 മുതല്‍ 65 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. ബിജെപിയ്ക്ക് മൂന്ന് സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നും പ്രവചിക്കുന്നു.















Leave a Reply