കുമ്പളയിൽ യുവാവിനെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; പ്രതികൾക്കായി വലവിരിച്ച് പോലീസ്

കാസർകോട്: കുമ്പള സീതാംഗോളിയിൽ യുവാവിനെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബാപ്പാലിപ്പൊന്നം പാടലടുക്കം സ്വദേശി മുപ്പതുകാരനായ സഫായത്താണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സീതാംഗോളിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ട സമീപവാസികൾ ഉടൻ തന്നെ കുമ്പള പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കോഴിവണ്ടി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു സഫായത്ത്. വിവരമറിഞ്ഞെത്തിയ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. മൃതദേഹത്തിന് സമീപത്ത് നിന്ന് അക്രമികൾ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന മാരകായുധങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. തലയ്ക്കേറ്റ കനത്ത പ്രഹരമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വ്യക്തിപരമായ വൈരാഗ്യമോ മുൻപുണ്ടായ തർക്കങ്ങളോ ആകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികളെ തിരിച്ചറിയുന്നതിനായി സീതാംഗോളിയിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. സഫായത്തിൻ്റെ മൊബൈൽ ഫോൺ രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്.
സംഭവത്തിന് പിന്നിൽ ഒന്നിലധികം പേരുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും കുമ്പള പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *