ചെന്നൈ: കടുത്ത ചൂടിനെത്തുടർന്ന് എസി വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിലെ തിരുവള്ളൂർ പൂണ്ടി സ്വദേശിനിയായ മോണിക്ക (25) ആണ് മരിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെന്നൈയിലും പരിസരപ്രദേശങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് സഹിക്കാനാവാതെ വീട്ടിൽ എസി വേണമെന്ന് മോണിക്ക ഭർത്താവ് ആകാശിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിക കാരണങ്ങളാൽ ആകാശ് ഈ ആവശ്യം നിരസിച്ചു. ഇതേച്ചൊല്ലി ദമ്പതികൾക്കിടയിൽ കഴിഞ്ഞ ദിവസം തർക്കമുണ്ടായതായി പറയപ്പെടുന്നു.
ശനിയാഴ്ച രാത്രി ചൂട് കാരണം ആകാശും കുടുംബാംഗങ്ങളും വീടിന്റെ ടെറസ്സിലാണ് ഉറങ്ങാൻ പോയത്. എന്നാൽ മോണിക്ക മുറിക്കുള്ളിൽ തന്നെയായിരുന്നു. ഞായറാഴ്ച രാവിലെ ആകാശ് നോക്കിയപ്പോഴാണ് മോണിക്കയെ കിടപ്പുമുറിയിൽ ചലനമറ്റ നിലയിൽ കണ്ടെത്തിയത്.
തുടർ നടപടികൾ:
വിവരമറിഞ്ഞെത്തിയ പുള്ളരംപാക്കം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടത്തിനായി തിരുവള്ളൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ എന്നതിനാൽ ആർഡിഒ (RDO) അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരണത്തിൽ മറ്റ് ദുരൂഹതകളുണ്ടോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്.
കുറിപ്പ്: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദമുണ്ടാകുന്ന സാഹചര്യങ്ങളിൽ സഹായത്തിനായി സംസ്ഥാന സർക്കാരിന്റെ ‘ദിശ’ ഹെൽപ്‌ലൈൻ നമ്പറായ 1056-ൽ ബന്ധപ്പെടുക.















Leave a Reply