കാസര്‍കോട്: മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ സ്ത്രീ റിമാണ്ടില്‍. പൊവ്വല്‍ അമ്മങ്കോട് ആയിഷ(49)യാണ് റിമാണ്ടിലായത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് മുളിയാര്‍ സ്വദേശി ജസീല(24)യാണ് കഴിഞ്ഞ മാസം 22ന് ആത്മഹത്യ ചെയ്തത്. ആയിഷയാണ് ജസീലക്കെതിരെ മോഷണ ആരോപണം ഉന്നയിച്ചതെന്നാണ് വിവരം. ജസീലയുടെ സുഹൃത്ത് അഫ്രീദിന്റെ മാതാവാണ് ആയിഷ. നിലവില്‍ ആയിഷക്കെതിരെ മാത്രമാണ് ആത്മഹത്യാ പ്രേരണാകേസ് ചുമത്തിയിട്ടുള്ളത്. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായും കൂടുതല്‍ പേര് പ്രതികളാവുമെന്നുമാണ് പൊലീസ് പറയുന്നത്. രണ്ട് കുട്ടികളുടെ മാതാവായ ജസീല താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ചിത്രീകരിച്ച ശേഷമാണ് വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായി ചികിത്സയിലിരിക്കെയാണ് മരിച്ചത്. അതിനിടെ മജിസ്ട്രേറ്റ് മരണമൊഴി രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ മരണത്തിന് പിന്നാലെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും അയല്വീട്ടുകാര്ക്കെതിരെയും കുടുംബം പരാതി നല്കി. സുഹൃത്തിന്റെ വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനിടെ സ്വര്‍ണമാല കാണാതായെന്നും ജസീല മോഷ്ടിച്ചതാണെന്നുമായിരുന്നു ആരോപണം. തുടര്‍ന്ന് ആദൂര്‍ പൊലീസ് ജസീലയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ ജസീലക്ക് ബന്ധമുള്ളതായി കണ്ടെത്താനായിരുന്നില്ല. പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ ജസീല കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. അതിനിടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ജസീലയുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷം കഴിച്ചത്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും വിവിധ സംഘടനകളും രംഗത്ത് വന്നിരുന്നു.
ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പിടിയിലായ സ്ത്രീ റിമാണ്ടില്‍; കൂടുതല്‍ പേര് പ്രതികളാവും














Leave a Reply