മംഗളൂരു തൊക്കോട്ട് മേല്‍പ്പാലത്തില്‍ നടന്ന ക്രൂരമായ കൊലപാതകത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്

മംഗളൂരു തൊക്കോട്ട് മേല്‍പ്പാലത്തില്‍ നടന്ന ക്രൂരമായ കൊലപാതകത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ‘ടാബ്ലെറ്റ് ആരിഫ്’ എന്നറിയപ്പെടുന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാര്‍ പോലീസ് കണ്ടെത്തി. ബന്ത്വാളിനടുത്തുള്ള വിറ്റ്ലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വാഹനം.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് തൊക്കോട്ട് ഫ്‌ലൈ ഓവറിനെ ചോരയില്‍ മുക്കിയ അക്രമം നടന്നത്. ഉച്ചില മുള്ളുഗുഡ്ഡെ സ്വദേശിയായ ആരിഫ് തന്റെ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ മംഗളൂരു പോര്‍ട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.
പിന്നാലെ ഇന്നോവ കാറിലെത്തിയ സംഘം ആരിഫിന്റെ ബൈക്കിന് പിന്നില്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ ആരിഫിനെ കാറില്‍ നിന്നിറങ്ങിയ സംഘം വാളുകള്‍ ഉപയോഗിച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കഴുത്തിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ആരിഫ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
അന്വേഷണത്തില്‍ നിര്‍ണ്ണായക തെളിവായി പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ വിറ്റ്ല പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബുദോളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തി. വിറ്റ്ല ഇന്‍സ്പെക്ടര്‍ പ്രകാശ് ദേവാഡിഗയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ ഈ ഭാഗത്തുനിന്ന് മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടതായാണ് സൂചന.
കൊല്ലപ്പെട്ട ആരിഫ് മംഗളൂരു സൗത്ത്, ബന്ദര്‍ പോലീസ് സ്റ്റേഷനുകളിലെ റൗഡി ഷീറ്ററാണ്. പഴയകാല കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. 2022-ലും ഇയാള്‍ക്ക് നേരെ സമാനമായ രീതിയില്‍ വധശ്രമം നടന്നിരുന്നു. മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ സുധീര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘങ്ങള്‍ പ്രതികള്‍ക്കായി കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *