പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം:’ഡോക്ടര്‍ തൊട്ടുപോലും നോക്കിയില്ല’;ആശുപത്രി അധികൃതര്‍ പരിഗണിച്ചില്ലെന്ന് അച്ഛന്‍

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് കുഞ്ഞ് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പ്രതിഷേധം. കുഞ്ഞിന് വയ്യെന്ന് പറഞ്ഞിട്ടും ആശുപത്രി അധികൃതര്‍ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്ന് കുട്ടിയുടെ അച്ഛന്‍ ദിലീപ് പറഞ്ഞു. ഡോക്ടര്‍ ഒന്ന് തൊട്ടുപോലും നോക്കിയില്ലെന്നും നേഴ്സ് മാത്രമാണ് തട്ടി നോക്കിയതെന്നും ദിലീപ് പറഞ്ഞു.
‘രാവിലെ രണ്ടരയോടെയാണ് സംഭവം. എന്തോ കടിച്ചു എന്നു പറഞ്ഞ് കുഞ്ഞ് നിലവിളിക്കുകയായിരുന്നു. കാലില്‍ ചെറിയൊരു പാട് മാത്രമാണ് ഉണ്ടായിരുന്നത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോള്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിക്കുമ്പോഴും കുഞ്ഞിന് പ്രശ്നം ഉണ്ടായിരുന്നില്ല. സൂചി കണ്ട് പെട്ടെന്ന് പേടിച്ച് നിലവിളിച്ചു. പിന്നീടാണ് ഛര്‍ദ്ദിക്കാന്‍ വന്നതും വയ്യാതായതും. അവിടെ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വരുന്ന വഴിയില്‍ തന്നെ അനക്കം ഇല്ലാതായി. അമ്മയോടൊപ്പം നിലത്തായിരുന്നു കുഞ്ഞ് കിടന്നിരുന്നത്’, ദിലീപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *