വാഹനത്തിന് പിഴയുണ്ടെന്ന വ്യാജ എസ്എംഎസ്; കാസർകോട് വയോധികന് നഷ്ടമായത് ഒരു ലക്ഷം രൂപ

കാസർകോട്: വാഹനത്തിന് പിഴയുണ്ടെന്ന വ്യാജ സന്ദേശം (എസ്എംഎസ്) വഴി വയോധികന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ചെങ്കള സന്തോഷ് നഗർ സ്വദേശിയായ സി.എ. ഉസ്മാൻ (73) ആണ് സൈബർ തട്ടിപ്പിനിരയായത്.

കഴിഞ്ഞ സെപ്റ്റംബർ 19-ന് അർധരാത്രിയോടെയാണ് ഉസ്മാന്റെ മൊബൈൽ ഫോണിലേക്ക് എംപരിവാഹന്റെ (mParivahan) പേരിലുള്ള വ്യാജ സന്ദേശമെത്തിയത്. ഉസ്മാന്റെ ഉടമസ്ഥതയിലുള്ള ബൊലേറോ വാഹനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും ഉടൻ തന്നെ തുക അടയ്ക്കണമെന്നുമായിരുന്നു സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഇതിനായി ഒരു വ്യാജ ലിങ്കും മെസേജിനൊപ്പം നൽകിയിരുന്നു.

യാഥാർഥ്യമാണെന്ന് കരുതി ഉസ്മാൻ ലിങ്കിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു. രണ്ട് ഘട്ടങ്ങളായാണ് തുക പിൻവലിച്ചത്; ആദ്യം 99,000 രൂപയും തുടർന്ന് 1,000 രൂപയുമാണ് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ഉസ്മാൻ പോലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ വിദ്യാനഗർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. എംപരിവാഹന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ പേരിൽ വരുന്ന ഇത്തരം അജ്ഞാത സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ഔദ്യോഗിക പോർട്ടലുകൾ വഴിയോ ആപ്പുകൾ വഴിയോ മാത്രം പിഴ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *