വാട്‌സ്ആപ്പ് ബിസിനസ് സേവനങ്ങൾക്ക് ഇന്ന് മുതൽ പണം ഈടാക്കും

വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം (WhatsApp Business API) ഉപയോഗിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്ക് പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് മെറ്റ. ഒക്ടോബർ ഒന്നു മുതൽ സൗജന്യമായിരുന്ന ചില സേവന സന്ദേശങ്ങൾക്ക് ബിസിനസ് സ്ഥാപനങ്ങൾ പണം നൽകേണ്ടിവരും.

സൊല്യൂഷൻ പ്രൊവൈഡർമാരും നേരിട്ട് ബിസിനസ് പ്ലാറ്റ്‌ഫോം സംയോജിപ്പിച്ച സ്ഥാപനങ്ങളും തങ്ങളുടെ മെസ്സേജിങ് അക്കൗണ്ടുകളിൽ പേയ്‌മെന്റ് വിവരങ്ങൾ ചേർക്കണമെന്ന് മെറ്റ നിർദ്ദേശിച്ചു. പേയ്‌മെന്റ് രീതി ഉൾപ്പെടുത്താത്ത അക്കൗണ്ടുകളിലേക്കുള്ള മെസ്സേജിങ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം.

സാധാരണക്കാർക്ക് ആശങ്ക വേണ്ട

ഈ നിരക്ക് വർധനവ് വ്യക്തിഗത വാട്‌സ്ആപ്പ് ഉപയോക്താക്കളെയോ, ചെറുകിട വ്യാപാരികൾ ഉപയോഗിക്കുന്ന സൗജന്യ ‘വാട്‌സ്ആപ്പ് ബിസിനസ് ആപ്പ്’ ഉപയോക്താക്കളെയോ ബാധിക്കില്ല. വാട്‌സ്ആപ്പിന്റെ ബിസിനസ് എപിഐ (API) പ്ലാറ്റ്‌ഫോം വഴി ഉപഭോക്താക്കളുമായി വിനിമയം നടത്തുന്ന വൻകിട-ഇടത്തരം വാണിജ്യ സ്ഥാപനങ്ങൾക്കാണ് ഇത് ബാധകമാകുന്നത്.

മാറ്റങ്ങൾ എന്തെല്ലാം?

  • യൂട്ടിലിറ്റി സന്ദേശങ്ങൾക്ക് നിരക്ക്: ഇതുവരെ ഉപഭോക്താവിൽനിന്ന് സന്ദേശം ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ഓർഡർ സ്ഥിരീകരണങ്ങൾ, ഡെലിവറി വിവരങ്ങൾ തുടങ്ങിയ യൂട്ടിലിറ്റി സന്ദേശങ്ങൾ സൗജന്യമായി അയക്കാൻ ബിസിനസുകൾക്ക് സാധിച്ചിരുന്നു. എന്നാൽ ഒക്ടോബർ ഒന്നു മുതൽ ഈ 24 മണിക്കൂർ പരിധിക്കുള്ളിൽ അയക്കുന്ന യൂട്ടിലിറ്റി സന്ദേശങ്ങൾക്കും മെറ്റ ഫീസ് ഈടാക്കും.
  • സർവീസ് സന്ദേശങ്ങൾ: ഉപഭോക്താക്കളുടെ സംശയങ്ങൾക്കുള്ള മറുപടികൾ (Customer service responses) ഒരു ബിസിനസ് നമ്പറിന് പ്രതിമാസം ആദ്യത്തെ 1,000 സന്ദേശങ്ങൾ വരെ സൗജന്യമായി തുടരും. ഇതിനുശേഷം അയക്കുന്ന അധിക മറുപടികൾക്ക് നിശ്ചിത തുക നൽകേണ്ടിവരും.

സന്ദേശങ്ങളുടെ നിരക്ക് ഇങ്ങനെ:

ഡെലിവറി ചെയ്യുന്ന ഓരോ യൂട്ടിലിറ്റി സന്ദേശത്തിനും ജിഎസ്ടി കൂടാതെ 0.115 രൂപയാണ് മെറ്റ ഈടാക്കുക. 18 ശതമാനം ജിഎസ്ടി ഉൾപ്പെടെ ഇത് ഏകദേശം 0.136 രൂപയായി മാറും.

Leave a Reply

Your email address will not be published. Required fields are marked *