ബേഡകം താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരെയും ജീവനക്കാരെയും അടിയന്തരമായി നിയമിക്കണം: ബി.എം.എസ്

ചട്ടഞ്ചാൽ: മലയോര മേഖലയിലെ പതിനായിരക്കണക്കിന് സാധാരണക്കാരുടെ ഏക ആശ്രയമായ ബേഡകം താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെയും നഴ്സിംഗ് ജീവനക്കാരെയും നിയമിച്ച് രോഗികളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് ഭാരതീയ മസ്ദൂർ സംഘ് (ബി.എം.എസ്) ഉദുമ മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

താലൂക്ക് ആശുപത്രി പദവിക്കനുസൃതമായി ഫിസിഷ്യന്മാരോ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരോ ആവശ്യത്തിന് ജീവനക്കാരോ ഇല്ലാത്തത് കാരണം മണിക്കൂറുകളോളം രോഗികൾ കാത്തിരിക്കേണ്ടി വരികയും യഥാസമയം ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

തൈര ശ്രീ ദുർഗ്ഗാ പരമേശ്വരി ക്ഷേത്ര സഭാഭവനിൽ നടന്ന സമ്മേളനം ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.വി. ബാബു ഉദ്ഘാടനം ചെയ്തു. ഉദുമ മേഖലാ ഉപാധ്യക്ഷ ശ്യാമള വടക്കിനി അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ ലീല കൃഷ്ണൻ, സുരേഷ് ദേളി, സദൻ ബട്ടത്തൂർ, ഹരീഷ് പറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബി.എം.എസ് ജില്ലാ സോൺ സെക്രട്ടറി പ്രദീപ് കേളോത്ത് സമാരോപ് പ്രഭാഷണം നടത്തി.

പുതിയ ഭാരവാഹികൾ (അടുത്ത 3 വർഷത്തേക്ക്)

അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ സമ്മേളനത്തിൽ തിരഞ്ഞെടുത്തു:

  • പ്രസിഡൻ്റ്: ഗംഗാധരൻ അച്ചേരി
  • സെക്രട്ടറി: കുഞ്ഞിക്കണ്ണൻ അരയാലിങ്കൽ
  • ഖജാൻജി: നാരായണൻ തുക്കൊച്ചി
  • വൈസ് പ്രസിഡൻ്റുമാർ: സീതാരാമൻ വട്ടത്തൂർ, ഹരീഷ് പറമ്പ്, ഗുരുവയ്യ ബട്ടത്തൂർ, ശ്യാമള വടക്കിനിയിൽ, മണി പറമ്പ്, ഹരീഷ് കരിപ്പാടകം
  • ജോയിൻ്റ് സെക്രട്ടറിമാർ: സുരേഷ് ദേളി, അഭിലാഷ് എടപ്പണി, ഹരീഷ് മയിലാട്ടി, ബിന്ദു മരുതടുക്കം, പുഷ്പലത, ബാലകൃഷ്ണൻ എരോൽ

ചടങ്ങിൽ ഹരീഷ് പറമ്പ് മസ്ദൂർ ഗീതവും അനന്യ നാരായണൻ വന്ദേമാതരവും ആലപിച്ചു. സെക്രട്ടറി ഭാസ്കരൻ പൊയിനാച്ചി സ്വാഗതവും കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു. ദേശീയ ഗാനത്തോടെ സമ്മേളനം സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *