കറന്തക്കാട് ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ആറുപേർക്ക് പരിക്ക്

കാസർകോട്: ദേശീയപാത കറന്തക്കാട് സർവീസ് റോഡിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ദേശീയപാത സർവീസ് റോഡിലെ മധൂർ റോഡ് ജംഗ്ഷനിലായിരുന്നു അപകടം നടന്നത്.

മധൂർ റോഡിൽ നിന്നും സർവീസ് റോഡിലേക്ക് കയറിവന്ന കാർ, പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന കാറിലിടിക്കുകയായിരുന്നു. കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിലാണ് മധൂർ റോഡിൽ നിന്നെത്തിയ കാർ ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതോടെ ഇന്നോവ കാർ റോഡിൽ തലകീഴായി മറിഞ്ഞു. അപകടത്തെ തുടർന്ന് മൂന്ന് കാറുകൾക്കും വലിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അപകടത്തെ തുടർന്ന് ദേശീയപാത സർവീസ് റോഡിൽ അൽപ്പസമയം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. തുടർന്ന് കാസർകോട് നിന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട കാറുകൾ റോഡിൽ നിന്നും മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *