ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല; ബെള്ളൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ സീനിയേഴ്സിന്റെ റാഗിംഗ്, തല ഗ്രില്ലിലിടിപ്പിച്ചു

കാസർകോട്: ജില്ലയിലെ ബെള്ളൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ പ്ലസ് ടു വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിംഗും മർദ്ദനവും. ബെള്ളൂർ ഗവ. ഹയർ സെക്കണ്ടറി സ്ക്‌കൂളിൽ ഇന്നലെ രാവിലെയാണ് സംഭവം. മർദ്ദനമേറ്റ പ്ലസ് വൺ വിദ്യാർത്ഥി സൽമാനുൽ ഫാരിസിനെ പരിക്കുകളോടെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ ആദൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് ആരോപിച്ചായിരുന്നു മുതിർന്ന വിദ്യാർത്ഥികളുടെ മർദ്ദനം. രാവിലെ വെള്ളം എടുക്കാൻ പോയ സമയത്താണ് ഒരു സംഘം പ്ലസ് ടു വിദ്യാർത്ഥികൾ സൽമാനുലിന്റെ അടുത്തെത്തി ഷർട്ടിന്റെ ബട്ടൺ മുഴുവൻ ഇടണമെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് കൂട്ടമായി എത്തിയ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് സൽമാനുൽ ഫാരിസ് പറയുന്നു.

തന്റെ തല സ്കൂളിലെ ഇരുമ്പ് ഗ്രില്ലിൽ ഇടിപ്പിച്ചെന്നും നെഞ്ചത്ത് ചവിട്ടിയെന്നും വിദ്യാർത്ഥി നൽകിയ പരാതിയിലുണ്ട്. മർദ്ദനമേറ്റതിനെ തുടർന്ന് നിലവിൽ കൈ പൊക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് സൽമാനുൽ. വിദ്യാർത്ഥിയുടെ ഷർട്ടിൽ ചവിട്ടേറ്റതിന്റെ പാടുകൾ വ്യക്തമായി കാണാം. മർദ്ദനത്തിൽ കാൽമുട്ടിനും പരിക്കേറ്റിട്ടുണ്ട്. തല ഗ്രില്ലിൽ ഇടിക്കുന്ന ശബ്ദം കേട്ടാണ് അധ്യാപകർ ഓടിയെത്തിയത്. അധ്യാപകർ എത്തിയതോടെയാണ് അക്രമികൾ പിന്മാറിയത്.

രണ്ട് ദിവസം മുൻപ് സ്കൂളിൽ ഷൂ ധരിച്ചെത്തിയതിന്റെ പേരിലും സൽമാനുൽ ഫാരിസിനെ ഇതേ വിദ്യാർത്ഥികൾ റാഗിംഗിന് ഇരയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ക്രൂരമായ ശാരീരിക ഉപദ്രവം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ആദൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂൾ അധികൃതരും വിഷയത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *