ചീമേനി തുറന്ന ജയിലിൽ നിന്ന് മൊബൈൽ ഫോണും സിം കാർഡുകളും കണ്ടെടുത്തു

കാസർകോട്: ചീമേനി തുറന്ന ജയിലിൽ തടവുകാരനിൽ നിന്ന് സ്‌മാർട്ട് മൊബൈൽ ഫോണും രണ്ട് സിം കാർഡുകളും കണ്ടെടുത്തു. ഡി ബ്ലോക്കിലെ അന്തേവാസിയായ രഖിൽ എന്ന തടവുകാരനെതിരെ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജയിൽ സൂപ്രണ്ട് അൻസാറിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മിന്നൽ പരിശോധനയിൽ കണ്ടെത്തൽ

ഒരു അന്തേവാസി ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്. ചൊവ്വാഴ്‌ച വൈകിട്ട് ചീമേനി ഓപ്പൺ പ്രിസൺ ആൻഡ് കറക്‌ഷനൽ ഹോമിലെ അസിസ്റ്റന്റ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ബാരക്കിൽ നടത്തിയ പരിശോധനയിലാണ് ഫോൺ കണ്ടെത്തിയത്. ഫോണിനൊപ്പം ഊരിയിട്ട നിലയിൽ രണ്ട് സിം കാർഡുകളും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

മുൻപും സമാന സംഭവം

കഴിഞ്ഞ ജൂൺ മാസത്തിലും ഈ ജയിലിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. ജയിലിനുള്ളിലേക്ക് ഫോൺ എങ്ങനെ എത്തി എന്നതിനെക്കുറിച്ചും, ഇത് ഉപയോഗിച്ച് ആർക്കൊക്കെയാണ് കോൾ വിളിച്ചതെന്നതിനെക്കുറിച്ചും ചീമേനി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *