കള്ളാറിൽ കനത്ത മഴയിൽ വീട് തകർന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കാസർകോട്: കള്ളാറിൽ കനത്ത മഴയെത്തുടർന്ന് ഓടിട്ട വീട് തകർന്നു വീണു. വലിയ ശബ്ദം കേട്ട് വീട്ടുകാർ ഉടൻ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കള്ളാർ സ്വദേശിനി ഗീതയുടെ വീടാണ് ബുധനാഴ്ച രാവിലെ തകർന്നു വീണത്.

അപകടം നടക്കുമ്പോൾ ഗീതയും ഭർത്താവ് ശക്തിവേലുവും മകനും വീട്ടിനുള്ളിൽ ഉണ്ടായിരുന്നു. പെട്ടെന്ന് വലിയൊരു ശബ്ദം കേട്ടതോടെ അപകടം മണത്ത മൂവരും ഉടൻ തന്നെ വീടിന് പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. ഇവർ പുറത്തെത്തിയ തൊട്ടടുത്ത നിമിഷം തന്നെ വീട് പൂർണ്ണമായി തകർന്നു വീണു.

രക്ഷപ്പെടാൻ ഓടുന്നതിനിടയിൽ വീണ് ശക്തിവേലുവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഗീതയുടെ പുതിയ വീടിന്റെ നിർമ്മാണം പൂർത്തിയായി വരികയായിരുന്നു. ഇതിനിടയിലാണ് ഈ ദാരുണ സംഭവം നടന്നത്. അപകട വിവരമറിഞ്ഞ് ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ സ്ഥലത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *