നവാഗതർക്ക് സ്നേഹോഷ്മള വരവേൽപ് നൽകി എം ഐ സി ആർട്സ് ആൻ്റ് സയൻസ് കോളേജ്

കാസർകോട്: മലബാർ ഇസ്ലാമിക് കോംപ്ലക്‌സിന് കീഴിലുള്ള എം.ഐ.സി ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയ അധ്യയന വർഷത്തെ നാല് വർഷ ബിരുദ (FYUGP) വിദ്യാർത്ഥികളുടെ ക്ലാസ് ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നിർവ്വഹിച്ചു. എം ഐ സി ജനറൽ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വ വിദ്യാർത്ഥികളുടെ വിശാലമായ ശൃംഖലയുള്ള സ്ഥാപനമാണ് എം.ഐ.സി എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ഈ പൂർവ്വ വിദ്യാർത്ഥികളുടെ അനുഭവസമ്പത്തും പിന്തുണയും പുതിയതായി കടന്നുവരുന്ന വിദ്യാർത്ഥികളുടെ വിജയയാത്രയ്ക്ക് വലിയ കരുത്തും വഴികാട്ടിയുമാകുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ മാനേജർ ഇ. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി ദീപ എം. കെ. ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

തുടർന്ന് നടന്ന ചടങ്ങിൽ സെക്രട്ടറിയും അക്കാദമിക് സെൽ കൺവിനറുമായ അഡ്വ. ഹനീഫ ഹുദവി മുഖ്യപ്രഭാഷണം നടത്തി. ഇന്നത്തെ കാലഘട്ടത്തിൽ മൂല്യവർധിത വിദ്യാഭ്യാസത്തിന്റെ അനിവാര്യത, തൊഴിൽനൈപുണ്യ വിദ്യാഭ്യാസത്തിന്റെ പ്രസക്തി, കലാ-കായിക മേഖലകളിലെ വിപുലമായ സാധ്യതകൾ എന്നിവ അദ്ദേഹം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി. അതോടൊപ്പം ക്യാമ്പസുകളിൽ ഉന്മൂലനം ചെയ്യപ്പെടേണ്ട ലഹരി ഉപയോഗത്തിനെതിരെയുള്ള ശക്തമായ ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശവും അദ്ദേഹം വിദ്യാർത്ഥികൾക്ക് കൈമാറി.

ചടങ്ങിൽ എം.ഐ.സി സെക്രട്ടറിമാരായ ജലീൽ കടവത്ത്, ടി.ഡി. കബീർ, പിടിഎ കമ്മിറ്റി വൈസ് പ്രസിഡണ്ട് ടി. ഡി. ഹസ്സൻ എന്നിവർ പുതിയ ബാച്ചിന് ആശംസകൾ നേർന്ന് സംസാരിച്ചു.

അക്കാദമിക് കോർഡിനേറ്റർ മുഹമ്മദ് ഫിറോസ് കോളേജിന്റെ പ്രവർത്തനങ്ങളെയും സവിശേഷതകളെയും പുതിയ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. വൈസ് പ്രിൻസിപ്പലും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ തോമസ് എ.എം. ചടങ്ങിന് നന്ദി രേഖപ്പെടുത്തി. പുതിയ പ്രതീക്ഷകളോടെയും ആവേശത്തോടെയുമാണ് നവാഗതർ എം.ഐ.സി ക്യാമ്പസിലേക്ക് ചുവടുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *