ദോഹ: ഹ്രസ്വസന്ദർശനാർഥം ഖത്തറിലെത്തിയ മുസ്ലിം ലീഗ് കാസർഗോഡ് മണ്ഡലം ട്രഷററും എരിയാൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായ കെ.ബി. കുഞ്ഞാമ്മു ഹാജിക്ക് ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ സ്വീകരണം നൽകി. അൽ സദ്ദിലെ അൽ നദാ കോംപ്ലക്സിൽ വെച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് നവാസ് ആസാദ് നഗറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, കാസർഗോഡ് ജില്ലയിലെ മത, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ കെ.ബി. കുഞ്ഞാമ്മു ഹാജി നൽകിയ സമാനതകളില്ലാത്ത സേവനങ്ങളെയും അദ്ദേഹത്തിന്റെ നേതൃത്വപാടവത്തെയും നേതാക്കൾ അനുസ്മരിച്ചു. കുഞ്ഞാമ്മു ഹാജിയുടെ പൊതുപ്രവർത്തന ശൈലി സമൂഹത്തിന് എന്നും മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ വെച്ച് ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ കെ.ബി. കുഞ്ഞാമ്മു ഹാജിക്ക് കൈമാറി.
തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് കെ.ബി. കുഞ്ഞാമ്മു ഹാജി സംസാരിച്ചു. ഖത്തർ കെ.എം.സി.സി നടത്തുന്ന സംഘടനാപരവും സാമൂഹികവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിന് നൽകുന്ന ആത്മവിശ്വാസവും കരുത്തും ചെറുതല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും നാടിന്റെ മത, വിദ്യാഭ്യാസ, സാമൂഹിക പുരോഗതിക്കായി കെ.എം.സി.സി പ്രവർത്തകർ നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ പ്രമുഖ കെ.എം.സി.സി നേതാക്കളായ റഹീം ചൗകി, കെ.ബി. റഫീഖ്, റോസ്ദ്ദിൻ, സിദ്ദിഖ് പടിഞ്ഞാർ, ഹമീദ് കൊടിയമ്മ, മാഹിൻ ബ്ലാർകോഡ്, ജുനൈദ്, നസിർ ആസാദ് നഗർ തുടങ്ങിയവർ സംബന്ധിക്കുകയും ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.














Leave a Reply