തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനിലെ സിഐയെ സ്റ്റേഷനകത്ത് വെച്ച് ക്രൂരമായി ആക്രമിച്ച കേസില്‍ പ്രമുഖ കണ്ടന്റ് ക്രിയേറ്റർ കസ്റ്റഡിയില്‍. കുളപ്പട സ്വദേശിയായ യദു കൃഷ്ണനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിൽ പരിക്കേറ്റ സിഐയുടെ തലയ്ക്ക് നാല് തുന്നലുകളുണ്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
മാനസിക വെല്ലുവിളിയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന യദുകൃഷ്ണന്‍ ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെ വാഹനത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടർന്ന് പ്രദേശത്തെ ചില കടകളിലും പരിസരപ്രദേശങ്ങളിലും ഇയാൾ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു.
ഇതിന് ശേഷമാണ് ഇയാൾ സ്റ്റേഷനിലെത്തി അതിക്രമം കാണിച്ചത്. സ്റ്റേഷനകത്ത് വെച്ച് സിഐയെ കസേരകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. തന്റെ കൈവശം ഉണ്ടായിരുന്ന മദ്യകുപ്പിയും ഇയാൾ പൊലീസ് സ്റ്റേഷനില്‍ വെച്ച് അടിച്ചു പൊട്ടിച്ചു.
ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും നിരവധി ഫോളോവേഴ്‌സ് ഉള്ള സോഷ്യൽ മീഡിയ താരം കൂടിയാണ് കസ്റ്റഡിയിലായ യദു കൃഷ്ണൻ. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.














Leave a Reply