പെരിയയിൽ അത്ഭുത കോഴി; നാല് കാലുകളുള്ള കോഴിക്കുഞ്ഞ് കൗതുകമാകുന്നു

കാഞ്ഞങ്ങാട്: പെരിയയിൽ നാല് കാലുകളുള്ള അപൂർവ്വ കോഴിക്കുഞ്ഞ് നാട്ടുകാർക്ക് കൗതുകമാകുന്നു. കായക്കുളത്തെ എ.കെ പ്രകാശന്റെ ഫാമിൽ വിൽപനക്കായി എത്തിച്ച കോഴിക്കുഞ്ഞുങ്ങളിലാണ് ഈ പ്രത്യേകത കണ്ടെത്തിയത്.

സാധാരണ കോഴികളെപ്പോലെ നടക്കാൻ ഉപയോഗിക്കുന്ന രണ്ട് കാലുകൾക്ക് പുറമെ, ശരീരത്തിൻ്റെ മുൻ ഭാഗത്തായി രണ്ട് കാലുകൾ കൂടി അധികമായി വളർന്നു നിൽക്കുന്ന രീതിയിലാണ് ഇതിന്റെ ശരീരഘടന. വിചിത്രമായ ഈ ഘടനയുണ്ടെങ്കിലും കോഴിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഫാം ഉടമ പ്രകാശൻ പറയുന്നു. മറ്റ് കോഴികളെപ്പോലെ തന്നെ ഇത് സാധാരണ രീതിയിൽ തീറ്റയെടുക്കുന്നുമുണ്ട്.

പാലക്കാട് നിന്ന് ഫാമിലേക്ക് വിൽപനക്കായി എത്തിച്ച ഒരു ദിവസം പ്രായമുള്ള 300 കോഴിക്കുഞ്ഞുങ്ങളിൽ ഒന്നിനാണ് ഈ അപൂർവ്വ പ്രതിഭാസമുള്ളത്. അതേസമയം, ഇത് ജനിതക വൈകല്യം (Polymelia) മൂലം സംഭവിക്കുന്നതാണെന്നാണ് മൃഗസംരക്ഷണ രംഗത്തെ വിദഗ്‌ധർ വ്യക്തമാക്കുന്നത്. അപൂർവ്വ കോഴിക്കുഞ്ഞിനെ കാണാനായി നിരവധി ആളുകളാണ് ഇപ്പോൾ ഫാമിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *