നീലേശ്വരത്ത് 63കാരന്റെ നഗ്ന വീഡിയോ പകർത്തി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; 69കാരനെതിരെ കേസ്

കാഞ്ഞങ്ങാട്: എറണാകുളത്തെ ഹോട്ടൽ മുറിയിൽ കുളിക്കുന്നതിനിടെ 63കാരന്റെ നഗ്ന ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. നീലേശ്വരം പള്ളിക്കര സ്വദേശിയായ വയോധികന്റെ പരാതിയിൽ ആലക്കോട് സ്വദേശിയായ കെ.കെ നാരായണനെതിരെയാണ് (69) നീലേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് പ്രതി തനിക്കെതിരെ ഭീഷണി മുഴക്കിയതായി പരാതിക്കാരൻ പറയുന്നു.

ഒമ്പത് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുന്നതിനിടെ, പരാതിക്കാരൻ കുളിക്കുന്ന ദൃശ്യങ്ങൾ പ്രതി രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. തുടർന്ന് ഈ ദൃശ്യങ്ങൾ കാണിച്ച് രണ്ട് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താൻ തുടങ്ങി. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

ഭയന്നുപോയ വയോധികൻ പണം നൽകാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന്, പ്രതി ഈ ദൃശ്യങ്ങൾ ചിലർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇതോടെയാണ് അപമാനിതനായ വയോധികൻ നീലേശ്വരം പോലീസിൽ പരാതി നൽകാൻ തയ്യാറായത്. പരാതിയുടെ അടിസ്ഥാനത്തിൽ ഐടി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഒളിവിൽ പോയ പ്രതിക്കായി നീലേശ്വരം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *