നീലേശ്വരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ജനകീയ ആവശ്യങ്ങൾ ഉന്നയിച്ച് നീലേശ്വരത്ത് നടന്നു വരുന്ന അനിശ്ചിതകാല സമരം നൂറ് ദിവസം പിന്നിട്ടു. നൂറാം ദിനത്തോടനുബന്ധിച്ച് വേറിട്ടതും ശക്തവുമായ പ്രതിഷേധ പരിപാടികളാണ് സമര സമിതിയുടെ നേതൃത്വത്തിൽ അരങ്ങേറിയത്. വ്യാപാരികളും വിവിധ സാമൂഹിക-സാംസ്കാരിക സംഘടന ഭാരവാഹികളും ഉൾപ്പെടെ മുന്നൂറോളം വരുന്ന സമര പ്രവർത്തകർ ദേശീയപാതയിൽ കൈയോട് കൈ ചേർത്തുപിടിച്ച് ‘ആകാശപാത’യുടെ മാതൃക (മോഡൽ) തീർത്ത് പ്രതിഷേധിച്ചത് ശ്രദ്ധേയമായി.
സമരത്തിന്റെ നൂറാം ദിന സായാഹ്ന സമ്മേളനം ചെറുവത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് മലപ്പിൽ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ജനകീയ ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിക്കും വരെ സമരം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ജനകീയ സമര സമിതി വൈസ് ചെയർമാൻ രമേശൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ പ്രകാശൻ കൊട്ടറ സ്വാഗതം ആശംസിച്ചു. മുൻ നഗരസഭ കൗൺസിലർ കരുണാകരൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സമരവേദിക്ക് ആവേശമായി സാംസ്കാരിക സദസ്സും മാജിക്കും
തുടർന്ന് സമരഭടന്മാർക്ക് ആവേശവും ഐക്യദാർഢ്യവുമേകി പ്രമുഖ കലാകാരന്മാർ അണിനിരന്ന സാംസ്കാരിക സദസ്സ് നടന്നു. പ്രശസ്ത ഗായകരായ ഉമേശൻ നീലേശ്വരം, ആദിൽ അത്തു, ഫിസ്റ അത്തു, മുഹമ്മദാലി എന്നിവർ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു ഗാനങ്ങൾ ആലപിച്ചു. ജൂനിയർ മാന്ത്രികൻ ഹൃദയദേവ് അവതരിപ്പിച്ച മാജിക് വിസ്മയവും സമരവേദിക്ക് ഏറെ ആവേശം പകർന്നു.
ജനകീയ സമര സമിതി ട്രഷറർ മഹമ്മൂദ് കോട്ടായി ചടങ്ങിൽ നന്ദി പ്രകടിപ്പിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ജനകീയ പങ്കാളിത്തത്തോടെ സമരം ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം.












Leave a Reply