കാസർകോട്: ദേശീയ വടംവലി താരം പുല്ലൂരിലെ ബൈജുവിനെ (37) വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂർ എ.കെ.ജി ക്ലബ്ബിന് സമീപം താമസിക്കുന്ന ‘ഇട്ടു’ എന്ന് വിളിക്കുന്ന ബൈജുവാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. വീടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയ ബൈജുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ദേശീയ-സംസ്ഥാന തലങ്ങളിൽ വടംവലി മത്സര രംഗത്ത് സജീവ സാന്നിധ്യമായിരുന്നു ബൈജു. ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് മൂന്ന് തവണ മത്സരിച്ച് മെഡൽ നേടിയിട്ടുണ്ട്. കാസർകോട് ജില്ലയ്ക്ക് വേണ്ടി നിരവധി തവണ സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. എ.കെ.ജി ക്ലബ് പുല്ലൂരിന്റെ പ്രധാന വടംവലി താരമായിരുന്ന ബൈജു, പ്രദേശത്തെ നിരവധി ക്ലബ്ബുകൾക്ക് മത്സരങ്ങൾക്കായി പരിശീലനവും നൽകിയിരുന്നു.
മൊബൈൽ ടവറിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. സജീവ സി.പി.എം പ്രവർത്തകൻ കൂടിയാണ്. വനജയാണ് മാതാവ്. ബൈജുവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ പുല്ലൂരിലെ കായിക-സാമൂഹിക രംഗത്തുള്ളവർ അനുശോചനം രേഖപ്പെടുത്തി.












Leave a Reply