ദുബായ്: കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെയായി പ്രവാസലോകത്തും നാട്ടിലും സാമൂഹിക, സാംസ്കാരിക, കാരുണ്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായ ‘ദുബായ് മലബാർ കലാസാംസ്കാരിക വേദി’യുടെ 27-ാമത് വാർഷികാഘോഷങ്ങൾ ഈ വർഷം (2026) സെപ്റ്റംബർ അവസാനവാരം തിരുവനന്തപുരത്ത് വച്ച് പ്രൗഢഗംഭീരമായി നടക്കും. മുൻവർഷങ്ങളിൽ യു.എ.ഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ദുബായിൽ വച്ച് നടത്തിവന്നിരുന്ന ആഘോഷങ്ങളുടെ തുടർച്ചയായാണ് ഇത്തവണ കേരളത്തിന്റെ തലസ്ഥാന നഗരിയിൽ വിപുലമായ പരിപാടികളോടെ വാർഷികം സംഘടിപ്പിക്കുന്നത്.
ആഘോഷ ചടങ്ങിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖർക്കുള്ള പുരസ്കാരങ്ങളും സമർപ്പിക്കും. കാസർഗോഡ് ജില്ലക്കാരനായ കേരളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകൻ കെ. എം. അഹ്മദ് മാഷിന്റെ നാമധേയത്തിൽ നാട്ടിലും വിദേശത്തുമുള്ള മികച്ച മാധ്യമപ്രവർത്തകർക്കായി ഏർപ്പെടുത്തിയ ‘മീഡിയ അവാർഡ്’, തുളുനാടിന്റെ ഇതിഹാസനായകനും മുൻമന്ത്രിയുമായ ചെർക്കളം അബ്ദുല്ല സാഹിബിന്റെ നാമധേയത്തിലുള്ള ‘ബിസിനസ് എക്സലൻസി അവാർഡ്’ എന്നിവയാണ് ചടങ്ങിലെ പ്രധാന ആകർഷണങ്ങൾ.
ഇവയ്ക്ക് പുറമെ മികച്ച സാമൂഹിക പ്രവർത്തകർ, സോഷ്യൽ മീഡിയ പ്രതിഭകൾ, മികച്ച പൊതുപ്രവർത്തകർ എന്നിവർക്കുള്ള പ്രത്യേക പുരസ്കാരങ്ങളും ചടങ്ങിൽ വച്ച് വിതരണം ചെയ്യും.
കേരളത്തിലെ മന്ത്രിമാർ, എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-മാധ്യമ രംഗങ്ങളിലെ പ്രമുഖർ എന്നിവർ ചടങ്ങിൽ സംബന്ധിക്കുമെന്ന് ഭാരവാഹികളായ അഷ്റഫ് കർള, ബഷീർ പള്ളിക്കര, ഇഖ്ബാൽ അബ്ദുൽ ഹമീദ്, റാഫി പള്ളിപ്പുറം, ഷബീർ കീഴുർ, നൗഷാദ് കന്യപ്പാടി എന്നിവർ അറിയിച്ചു.













Leave a Reply