ചെർക്കളയിൽ ദേശീയപാതാ വികസനത്തിലെ അനാസ്ഥക്കെതിരെ വ്യാപാരികളുടെ ഏകദിന ഉപവാസമരം

ചെർക്കള: ചെർക്കള ടൗണിലെ ദേശീയപാത വികസന പ്രവൃത്തികൾ ആരംഭിച്ച് നാല് വർഷം പിന്നിട്ടിട്ടും പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ രംഗത്ത്. റോഡ് നിർമ്മാണത്തിലെ അനാസ്ഥ തുടരുന്ന മേഘ കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ ചെർക്കള മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ശനിയാഴ്ച (27-06-2026) ചെർക്കള ദേശീയപാതയോരത്ത് ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.

രാവിലെ 9.30-ന് ആരംഭിച്ച ഉപവാസ സമരം കാസർഗോഡ് മണ്ഡലം എം.എൽ.എ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. വൈകുന്നേരം 4 മണി വരെയാണ് ഉപവാസം. ചെർക്കള മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബി.എം. ഷെരീഫ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളകുഞ്ഞി ചെർക്കള അധ്യക്ഷത വഹിച്ചു.

വർഷങ്ങളായി നീണ്ടുപോകുന്ന നിർമ്മാണ പ്രവർത്തനങ്ങൾ കാരണം ചെർക്കള ടൗണിലെ വ്യാപാരികളും പൊതുജനങ്ങളും കടുത്ത യാത്രാക്ലേശവും ബിസിനസ്സ് തകർച്ചയുമാണ് നേരിടുന്നത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയർത്തുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.

ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട്, KVVES കാസർഗോഡ് ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ്, ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാസ്മിൻ കബീർ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശുകൂർ ചെർക്കള, ഇഖ്ബാൽ ചേരൂർ (KVVES), കോൺഗ്രസ് ബ്ലോക്ക് മെമ്പർ സി.വി. ജെയിംസ്, ഹാരിസ് തായൽ, ജയകുമാരി, വാർഡ് മെമ്പർമാരായ സായിറ മജീദ്, ജലീൽ എരുതുംകടവ് (IUML), എ.ആർ. ധന്യവാദ് (CPM) തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക സംഘടനാ നേതാക്കളും വ്യാപാരികളും നാട്ടുകാരും ഉപവാസ സമരത്തിൽ അണിനിരന്നു. ചെർക്കള മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ മഹ്മൂദ് മുളിയാർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *