നീലേശ്വരം: ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നീലേശ്വരത്ത് നടന്നു വരുന്ന അനിശ്ചിതകാല സമരം 93-ാം ദിവസത്തിലേക്ക്. ദീർഘനാളായി തുടരുന്ന ഈ ജനകീയ പോരാട്ടത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (KTDO) കാസർഗോഡ് ജില്ലാ കമ്മിറ്റി രംഗത്തെത്തി.
സമരപ്പന്തലിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ പ്രഖ്യാപന സമ്മേളനം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് ഉമേഷ് കെ. ഉദ്ഘാടനം ചെയ്തു. 93 ദിവസമായി ജനങ്ങൾ നടത്തുന്ന ഈ ജീവന്മരണ പോരാട്ടത്തിൽ ജില്ലയിലെ മുഴുവൻ തൊഴിലാളി സമൂഹവും ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇത്രയും ദിവസമായിട്ടും ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളോട് അധികാരികൾ കാണിക്കുന്ന അവഗണന കടുത്ത പ്രതിഷേധാർഹമാണെന്നും, ഇത് എത്രയും വേഗം അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ജനകീയ സമര സമിതി വൈസ് ചെയർമാൻ ജയരാജൻ കെ.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ രാജൻ ഡി. സ്വാഗതം ആശംസിച്ചു. കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി വിനീഷ് തൃക്കരിപ്പൂർ, ജില്ലാ രക്ഷാധികാരി ബഷീർ വെള്ളരിക്കുണ്ട്, സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം രാജേഷ് എന്നിവർ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ സമര സമിതി ട്രഷറർ മഹമ്മൂദ് കോട്ടായി, കൺവീനർ പ്രകാശൻ കൊട്ടറ, എക്സിക്യൂട്ടീവ് അംഗം ഗോപിനാഥ് മുതിരക്കാൽ എന്നിവരും സംസാരിച്ചു. ദീർഘനാളായി തുടരുന്ന ഈ ജനകീയ സമരം ലക്ഷ്യം കാണുന്നത് വരെ ശക്തമായ പിന്തുണയുമായി മുന്നോട്ട് പോകാനാണ് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷന്റെ തീരുമാനം.













Leave a Reply