കാസർകോട്: പ്രമുഖ ഇസ്ലാമിക പണ്ഡിതനും മംഗലാപുരം-കീഴൂർ ഖാസിയും സമസ്ത കാസർകോട് ജില്ലാ പ്രസിഡന്റുമായ ത്വാഖാ അഹ്മദ് മൗലവി അൽ അസ്ഹരി (76) അന്തരിച്ചു. മംഗലാപുരത്തെ യേനപ്പോയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. തളങ്കര ഖാസിലൈനിലാണ് താമസം.
സമസ്ത കേന്ദ്ര മുശാവറ അംഗമായ അദ്ദേഹം മേഖലയിലെ ഒട്ടനവധി മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥിയായിരുന്നു.
ജനനവും വിദ്യാഭ്യാസവും
1949 ഓഗസ്റ്റ് 10ന് ചെമ്പരിക്കയിലാണ് ജനനം. ഖാസിയാരകത്ത് മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ആയിഷ ഹജ്ജുമ്മയുടെയും മകനാണ്. തളങ്കര ഗവ. മുസ്ലിം ഹൈസ്കൂളിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം പടന്ന മാവിലാ കടപ്പുറം, പെരിങ്ങത്തൂർ, ബേവിഞ്ച ദർസുകളിൽ നിന്ന് മതപഠനം പൂർത്തിയാക്കി.
കൊടുങ്ങല്ലൂർ അഴിക്കോട് അൽ ഇർഷാദ് കോളേജ്, പൊന്നാനി മഊനത്തുൽ ഇസ്ലാം കോളേജ് എന്നിവിടങ്ങളിലെ ഉപരിപഠനത്തിന് ശേഷം ഈജിപ്തിലെ കൈറോ അൽഅസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഉസൂലുൽ ഫിഖ്ഹിൽ എം.എ ബിരുദം നേടി. കൂടാതെ ദയൂബന്ദ് ദാറുൽ ഉലൂമിൽ നിന്ന് ദൗറാ ഹദീസിൽ ബിരുദവും തഫ്സീർ, അദബ്, മഅ്ഖൂലാത്ത് എന്നിവയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
കർമ്മപഥം
കോട്ടയം തിരുനക്കര ശാഫിഈ ജുമാ മസ്ജിദിൽ മൂന്ന് വർഷവും ഒമാനിലെ സലാലയിൽ (ത്വാഖ) ജാമിഅ് ശൈഖത്തു സൽമയിൽ മുപ്പത് വർഷവും ഖതീബും മുദരിസുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മലബാർ ഇസ്ലാമിക കോംപ്ലക്സ് (MIC), ബന്ദറിലെ ജലാലുദ്ദീൻ മുഹമ്മദ് മൗലാ ഹിഫ്ദുൽ ഖുർആൻ ആൻ്റ് അറബിക് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രിൻസിപ്പാളായും സേവനമനുഷ്ഠിച്ചു. കാശിപട്ടണത്തെ സി.എം. ഉസ്താദ് മെമ്മോറിയൽ ദാറുന്നൂർ എജ്യുക്കേഷണൽ സെന്ററിന്റെ അധ്യക്ഷനായിരുന്നു.
കുടുംബം
- ഭാര്യ: റഹ്മത്തുന്നിസ
- മക്കൾ: മുഹമ്മദ് (വെൽഫിറ്റ്, അജ്മാൻ), ഹുസൈൻ റഹ്മാനി (പ്രിൻസിപ്പാൾ, ദാറുന്നൂർ ഇസ്ലാമിക് അക്കാദമി, കാശിപ്പട്ടണം), ഫാത്തിമ, ആയിഷ, അബൂബക്കർ (മാലിക് ദീനാർ ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥി).
ഭൗതികശരീരം തളങ്കര ഖാസിലൈനിലെ ഖാസിയാരകം മൻസിലിൽ (ബാസിയാരകം മൻസിൽ) പൊതുദർശനത്തിന് എത്തിക്കും.













Leave a Reply