ബോവിക്കാനത്ത് പോലീസ് ജീപ്പ് കണ്ട് അമിതവേഗതയിലെടുത്ത കാർ മറിഞ്ഞു; പ്രായപൂർത്തിയാകാത്ത 5 വിദ്യാർത്ഥികൾക്ക് പരിക്ക്

കാസർകോട്: ബോവിക്കാനത്ത് പോലീസ് ജീപ്പ് കണ്ട് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അമിതവേഗതയിൽ പാഞ്ഞുപോവുകയും നിയന്ത്രണം വിട്ട് തലകീഴായി മറിയുകയും ചെയ്തു. ഇന്നലെ രാത്രി 7 മണിയോടെ ബോവിക്കാനം-കാനത്തൂർ റോഡിൽ ബാവിക്കര റോഡ് ജംഗ്ഷന് സമീപത്താണ് നാടിനെ നടുക്കിയ ഈ അപകടമുണ്ടായത്.

കാറിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത അഞ്ച് വിദ്യാർത്ഥികൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇരിയണ്ണി ഭാഗത്ത് നിന്നും ബോവിക്കാനം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥികളിൽ ഒരാളാണ് വാഹനമോടിച്ചിരുന്നത്.

യാത്രയ്ക്കിടയിൽ കാറിന് പുറകിലായി പോലീസ് ജീപ്പ് വരുന്നത് കണ്ടതോടെ, ലൈസൻസില്ലാതെ വണ്ടിയോടിച്ച വിദ്യാർത്ഥി ഭയന്ന് കാറിന്റെ വേഗത കുത്തനെ വർദ്ധിപ്പിക്കുകയായിരുന്നു. അതിവേഗത്തിൽ മുന്നോട്ട് പാഞ്ഞ കാർ പെട്ടെന്ന് നിയന്ത്രണം വിടുകയും റോഡിലേക്ക് തലകീഴായി മറിയുകയുമായിരുന്നു.

അപകടത്തിൽപ്പെട്ട വാഹനം കാഞ്ഞങ്ങാട് സ്വദേശിനിയായ ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണെന്നും, ഇത് വിദ്യാർത്ഥികൾ വാടകയ്‌ക്കെടുത്തതാണെന്നുമാണ് പ്രാഥമിക സൂചന. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *