കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ആദ്യ അറസ്റ്റ്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും വടകര സ്ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ അഡ്മിനുമായ ജിതിൻ ഭാസ്കർ അറസ്റ്റിൽ. കാഫിർ സ്ക്രീൻഷോട്ട് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ജിതിൻ ഭാസ്കറെ അറസ്റ്റ് ചെയ്തത്. നേരത്തെ ജിതിൻ ഭാസ്കറിൻ്റെ ഫോൺ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. നേരത്തെ വടകര സ്ക്വാഡ് എന്ന ഗ്രൂപ്പിൻ്റെ അഡ്മിൻമാരായ ആറ് പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പത്ത് പേരാണ് ഗ്രൂപ്പിൻ്റെ അഡ്മിന്മാർ. കാഫിർ സ്ക്രീൻഷോട്ടിൻ്റെ ഉറവിടം കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിൽ ആദ്യ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്വേഷണ സംഘം നേരത്തെ ജിതിൻ ഭാസ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇന്ന് വീണ്ടും വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്‌ക്രീന്‍ ഷോട്ട് ജിതിന്‍ വടകര സ്‌ക്വാഡ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആദ്യം ഇട്ടുവെന്നും പിന്നാലെ റിബേഷ് രാമകൃഷ്ണൻ ഇത് റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പിൽ പ്രചരിപ്പിച്ചു എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ എന്നാണ് വിവരം. കാഫിർ സ്ക്രീൻഷോട്ടിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് വടകര റൂറൽ എസ് പി ഫറാഷ് വ്യക്തമാക്കി. സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച ആളെയാണ് അറസ്റ്റ് ചെയ്തതെന്നും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും തുടർ ചോദ്യംചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും എസ് പി വ്യക്തമാക്കി.
2024 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെയായിരുന്നു കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമിനെയായിരുന്നു പൊലീസ് ആദ്യം കേസിൽ പ്രതിചേത്തത്. പിന്നീട് ഹൈക്കോടതി ഇടപടെലിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയത്. എന്നാൽ കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് അന്വേഷണം മുന്നോട്ട് പോയിരുന്നില്ല. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കാഫിർ സ്ക്രീൻഷോട്ട്’ വിവാദത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ യുഡിഎഫ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കേസ് അന്വേഷിക്കുന്നതിനായി എസ്ഐടിയെയും സർക്കാർ രൂപീകരിച്ചിരുന്നു. വടകര സ്റ്റേഷനിലെ എസ്എച്ചഒ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘത്തെയായിരുന്നു അന്വേഷണത്തിന് നിയോഗിച്ചത്. കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.















Leave a Reply