കാസര്‍കോട്: എസ്എഫ്ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി കെ. അനുരാഗിനെതിരെ ഗുരുതര ആരോപണവുമായി സംഘടനയിലെ വനിതാ നേതാവ്. ഫോണിലൂടെ അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച് ശല്യം ചെയ്തുവെന്ന് കാണിച്ച് എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗമായ പെണ്‍കുട്ടിയാണ് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. പരാതിയിൽ പാർട്ടി അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊലീസിനെ സമീപിക്കുമെന്ന കർശന മുന്നറിയിപ്പും പെൺകുട്ടി നൽകിയിട്ടുണ്ട്.
രണ്ട് മാസം മുമ്പാണ് പെൺകുട്ടി ആദ്യമായി ഈ വിഷയത്തിൽ പരാതി ഉന്നയിച്ചത്. ആദ്യം പാർട്ടി ഏരിയാ കമ്മിറ്റിയെയാണ് സമീപിച്ചതെങ്കിലും വിഷയം ഒത്തുതീര്‍പ്പാക്കാനായിരുന്നു കമ്മിറ്റി ഭാരവാഹികളുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായത്. എന്നാൽ, കുറ്റാരോപിതനെതിരെ യാതൊരുവിധ നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ഒടുവിൽ സിപിഐഎം ജില്ലാ സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്കാൻ തീരുമാനിച്ചത്.
തനിക്ക് പല തവണയായി കെ. അനുരാഗ് അശ്ലീല സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്നും മാനസികമായി ബുദ്ധിമുട്ടിച്ചെന്നുമാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. വിഷയം പാർട്ടിക്ക് വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന വിലയിരുത്തലിൽ, ജില്ലാ സെക്രട്ടറിക്കെതിരെ ഉടൻ തന്നെ അച്ചടക്ക നടപടിയുണ്ടാകാനാണ് സാധ്യതയെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന.













Leave a Reply