വൊർക്കാടിയിലെ ഹോസ്റ്റലിൽ നിന്ന് കാണാതായ പെൺകുട്ടികൾ ബന്ധുവീട്ടിൽ തിരിച്ചെത്തി

കാസർകോട്: വൊർക്കാടി നീരോളിക്കെയിലെ സ്വകാര്യ ട്രസ്റ്റിന്റെ കീഴിലുള്ള ഹോസ്റ്റലിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികൾ കാസർകോട്ടെ ബന്ധുവീട്ടിൽ സുരക്ഷിതരായി തിരിച്ചെത്തി. 15, 14 വയസ്സ് പ്രായമുള്ള പെൺകുട്ടികളെയാണ് ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ഹോസ്റ്റലിൽ നിന്നും കാണാതായത്.

ഹോസ്റ്റൽ അധികൃതർ നൽകിയ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, പെൺകുട്ടികൾ കോട്ടയം ഭാഗത്തേക്കുള്ള ട്രെയിനിൽ കയറിപ്പോയതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടയിലാണ് ഞായറാഴ്ച രാത്രിയോടെ കുട്ടികൾ കാസർകോട്ടുള്ള ബന്ധുവീട്ടിൽ സ്വയം തിരിച്ചെത്തിയത്.

വിവരമറിഞ്ഞെത്തിയ ചൈൽഡ് ലൈൻ അധികൃതർ പെൺകുട്ടികളെ ഏറ്റെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *