കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ നിന്നും കാണാതായ രണ്ട് മദ്രസാ വിദ്യാർത്ഥികളെ ബംഗളൂരുവിൽ കണ്ടെത്തി. കുഞ്ചത്തൂർ സ്വാഗത് ഹോട്ടലിന് സമീപത്തെ 13, 14 വയസ്സുള്ള ആൺകുട്ടികളെയാണ് ഞായറാഴ്ച വൈകുന്നേരത്തോടെ ബംഗളൂരു ബസ് സ്റ്റാൻഡിൽ വെച്ച് കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് ഇവരെ വീടുകളിൽ നിന്നും കാണാതായത്.
ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് കേരളത്തിലും കർണാടകത്തിലും വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടയിൽ മഞ്ചേശ്വരം പൊലീസ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബംഗളൂരു ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കർണാടക പൊലീസാണ് കുട്ടികളെ തിരിച്ചറിഞ്ഞത്.
വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസും കുട്ടികളുടെ ബന്ധുക്കളും ബംഗളൂരുവിലേക്ക് തിരിച്ചു. ഇന്ന് (തിങ്കളാഴ്ച) ഉച്ചയോടെ കുട്ടികളെ മഞ്ചേശ്വരത്ത് എത്തിക്കും. തുടർന്ന് പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കുട്ടികളെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.













Leave a Reply