യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കടുത്ത നടപടി; പോക്‌സോ, ലഹരി ആരോപണങ്ങളിൽ ഡിജിപിയുടെ അന്വേഷണ ഉത്തരവ്

കോഴിക്കോട്: പ്രമുഖ യൂട്യൂബറും ഓൺലൈൻ ഗെയിമറുമായ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനും സുഹൃത്തുക്കൾക്കുമെതിരെ സംസ്ഥാന പൊലീസ് മേധാവിയുടെ (ഡിജിപി) അടിയന്തര അന്വേഷണ ഉത്തരവ്. പോക്‌സോ കേസുകൾ, മയക്കുമരുന്ന് (എംഡിഎംഎ, കഞ്ചാവ്) ഉപയോഗം, മാനസിക-ശാരീരിക പീഡനങ്ങൾ, അശ്ലീല പ്രചാരണം, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളിലാണ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപി റവാഡ ചന്ദ്രശേഖർ ഉത്തരവിറക്കിയത്. സംസ്ഥാന സൈബർ ഓപ്പറേഷൻസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണത്തിന്റെ മുഖ്യ ചുമതല.

സുഹൃത്തുക്കളുടെ വെളിപ്പെടുത്തലും ‘എംആർഎസ് ഗ്യാങ്’ തർക്കവും

കഴിഞ്ഞ കുറച്ചുദിവസങ്ങളായി നിഹാദും, അദ്ദേഹത്തിന്റെ ‘എംആർഎസ് ഗ്യാങ്’ (MRS Gang) അംഗങ്ങളായിരുന്ന മമ്മു എന്ന മുഹമ്മദ്, ഷമീർ, ജാസി എന്നിവരും തമ്മിൽ സോഷ്യൽ മീഡിയയിൽ രൂക്ഷമായ ആരോപണ-പ്രത്യാരോപണങ്ങൾ നടന്നു വരികയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം നിഹാദിനെതിരെ മുഹമ്മദും ഷമീറും അതീവ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.

തൊപ്പി വലിയ രീതിയിൽ എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്നും പ്രായപൂർത്തിയാകാത്തവരെ ചൂഷണം ചെയ്തിട്ടുണ്ടെന്നും ഇവർ ആരോപിച്ചു. ഇതിന് തെളിവായി തൊപ്പിയുടെ മുറിയിൽ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന ദൃശ്യങ്ങളും ഇവർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം പണം നൽകി പ്രശ്നം ഒതുക്കിത്തീർക്കുകയായിരുന്നു എന്നാണ് മുൻ സുഹൃത്തുക്കളുടെ പ്രധാന ആരോപണം.

ആരോപണങ്ങൾ നിഷേധിച്ച് ‘തൊപ്പി’

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചുകൊണ്ട് മുഹമ്മദ് നിഹാദും രംഗത്തെത്തിയിട്ടുണ്ട്. ആരോപണം ഉന്നയിച്ച ഷമീർ, മുഹമ്മദ് എന്നിവർക്കെതിരെ താൻ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് നിഹാദ് വ്യക്തമാക്കി.

“വെറും റീച്ചിന് വേണ്ടി മാത്രമാണ് അവർ ഈ ആരോപണങ്ങൾ ഉന്നയിക്കുന്നത്. എന്നെ സമൂഹത്തിന് മുന്നിൽ നാറ്റിക്കാൻ പറ്റുന്നതെല്ലാം അവർ ചെയ്തു കഴിഞ്ഞു. ആരോപണം ഉന്നയിച്ചാൽ മാത്രം പോര, അതിന് വ്യക്തമായ തെളിവ് വേണം. ഞാൻ പോക്സോ കേസോ അല്ലെങ്കിൽ ആരെയെങ്കിലും നിർബന്ധിച്ച് അബോർഷനോ ചെയ്യിച്ചിട്ടുണ്ടെങ്കിൽ ഏതെങ്കിലും പെൺകുട്ടി അത് തുറന്നു പറയട്ടെ,” നിഹാദ് പ്രതികരിച്ചു.

താൻ വീട്ടിൽ ഇല്ലാത്ത സമയത്ത് ലഹരിമരുന്ന് കൊണ്ടുവെച്ച് മുൻകൂട്ടി പ്ലാൻ ചെയ്ത് എടുത്ത വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നതെന്നും, കേരള സർക്കാരും പോലീസും ഈ വിഷയത്തിൽ ഇടപെട്ട് എല്ലാവരെയും പിടികൂടി സത്യം പുറത്തുകൊണ്ടുവരണമെന്നും നിഹാദ് കൂട്ടിച്ചേർത്തു. ഡിജിപിയുടെ നേരിട്ടുള്ള അന്വേഷണ ഉത്തരവോടെ വരും ദിവസങ്ങളിൽ ഈ വിവാദത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *