തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന ചരിത്രപരമായ പദ്ധതിയുടെ ഔദ്യോഗിക ഉത്തരവിറങ്ങി. ഗതാഗത സെക്രട്ടറി അനുപമ ടി. വി. ഐ.എ.എസ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ‘പ്രിയദർശിനി’ എന്ന് പേരിട്ടിരിക്കുന്ന ഈ സ്വപ്ന പദ്ധതി വരും ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സിക്ക് വലിയൊരു ജനപ്രീതി സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ മാസം 15 മുതൽ യാത്ര സൌജന്യം
വരുന്ന പതിനഞ്ചാം തീയതി മുതൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ പദ്ധതിയുടെ നിർവ്വഹണ ഫലവും അത് നടപ്പാക്കുന്ന രീതിയുടെ കാര്യക്ഷമതയും കൃത്യമായി വിലയിരുത്തും. അതിനുശേഷമായിരിക്കും പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുക.
കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകില്ല: മന്ത്രി സി. പി. ജോൺ
പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയിൽ യാതൊരുവിധ ആശങ്കയും വേണ്ടെന്ന് ഗതാഗത മന്ത്രി സി. പി. ജോൺ വ്യക്തമാക്കി.
“സൗജന്യ യാത്രയുടെ ഭാഗമായി കെ.എസ്.ആർ.ടി.സിക്ക് ലഭിക്കേണ്ട തുക കൃത്യമായി സംസ്ഥാന ട്രഷറിയിൽ നിന്നും ലഭ്യമാക്കും. പദ്ധതിയുടെ പൂർണ്ണമായ സാമ്പത്തിക ചെലവ് സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.” – ഗതാഗത മന്ത്രി
കെ.എസ്.ആർ.ടി.സിയുടെ ധനപരമായ കരാർ ബാദ്ധ്യതകളും ദൈനംദിന ഓപ്പറേഷണൽ ചെലവുകളും ഉറപ്പുവരുത്തിക്കൊണ്ട് സുഗമമായ ഒരു ക്യാഷ് ട്രാൻസ്ഫർ – ഫിനാൻഷ്യൽ മാനേജ്മെന്റ്റ് സംവിധാനമായിരിക്കും ഇതിനായി സർക്കാർ നടപ്പിലാക്കുക.
ടിക്കറ്റിതര വരുമാനം കണ്ടെത്താൻ കെ.എസ്.ആർ.ടി.സി
പദ്ധതി നടപ്പാക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള അധിക സാമ്പത്തിക ബാധ്യതകൾ മറികടക്കാൻ കെ.എസ്.ആർ.ടി.സി പുതിയ ടിക്കറ്റിതര വരുമാന മാർഗ്ഗങ്ങൾ (Non-fare Revenue) കണ്ടെത്തും. ഇതിനായുള്ള പ്രത്യേക നടപടികൾ കെ.എസ്.ആർ.ടി.സി ഉടൻ തന്നെ ആവിഷ്കരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം, പുതിയ പദ്ധതി വരുന്നതോടെ സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടാകാൻ സാധ്യതയുള്ള ആശങ്കകളും പ്രായോഗിക ബുദ്ധിമുട്ടുകളും സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും, അവ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.















Leave a Reply