മരണക്കയത്തിൽ നിന്നും ആ പിഞ്ചുകുഞ്ഞിനെ കോരിയെടുത്ത് നവാസും രാമചന്ദ്രനും; സഫാ മർവ ബസ് ജീവനക്കാർക്ക് കൈയ്യടിച്ച് കേരളം

മലപ്പുറം: കേൾക്കുമ്പോൾ തന്നെ നെഞ്ചിടിപ്പ് കൂട്ടുന്ന, എന്നാൽ ഒടുവിൽ വലിയ ആശ്വാസമായി മാറിയ ഒരു സംഭവത്തിനാണ് മലപ്പുറം കൊണ്ടോട്ടി സാക്ഷ്യം വഹിച്ചത്. വീട്ടിനുള്ളിൽ നിന്നും ആരുമറിയാതെ മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തിയ ഒരുകുഞ്ഞ്, ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിന് നടുവിലിരുന്ന കുഞ്ഞിനെ കണ്ട് ബസ് പെട്ടെന്ന് നിർത്തുന്നതിന്റെയും, ജീവനക്കാരൻ ഓടിയെത്തി കുഞ്ഞിനെ കോരിയെടുക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
കൊണ്ടോട്ടി പുളിക്കൽ റോഡിലെ വലിയപറമ്പിൽ ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് തികച്ചും ഭീതിജനകമായ ഈ സംഭവം നടന്നത്. പുതിയേടത്തുപറമ്പ് – ഫറോക്ക് റൂട്ടിലോടുന്ന ‘സഫാ മർവ’ എന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരാണ് പിഞ്ചുകുഞ്ഞിന്റെ ജീവന് രക്ഷകരായത്.
കൺമുന്നിൽ ദുരന്തമുഖം; ചവിട്ടി നിർത്തി രാമചന്ദ്രൻ, കോരിയെടുത്ത് നവാസ്

ബസ് പതിവുപോലെ സർവീസ് നടത്തുന്നതിനിടയിലാണ് വലിയൊരു വളവ് തിരിഞ്ഞ് വരുമ്പോൾ ഡ്രൈവർ രാമചന്ദ്രന്റെ ശ്രദ്ധയിൽ ആ കാഴ്ച പെടുന്നത്. ദൂരെ റോഡിന് നടുവിലായി എന്തോ ഒന്ന് ഇളകുന്നു. സൂക്ഷിച്ചു നോക്കിയപ്പോഴാണ് അതൊരു പിഞ്ചുകുഞ്ഞാണെന്ന് മനസ്സിലായത്. വാഹനം തൊട്ടടുത്ത് എത്തിയിട്ടും അതൊന്നും അറിയാതെ റോഡിൽ മുട്ടിലിഴഞ്ഞു കളിക്കുകയായിരുന്നു ആ കുരുന്ന്.
ഒരു നിമിഷം പോലും കളയാനില്ലെന്ന് മനസ്സിലാക്കിയ ഡ്രൈവർ രാമചന്ദ്രൻ അതിവേഗത്തിൽ ബസ് ബ്രേക്കിട്ട് നിർത്തുകയായിരുന്നു. വണ്ടി നിന്നയുടൻ തന്നെ പുറകിൽ നിന്നും ഓടിയിറങ്ങിയ കണ്ടക്ടർ നവാസ് അലി റോഡിൽ ഇരിക്കുകയായിരുന്ന ആ കുഞ്ഞിനെ കൈകളിൽ കോരിയെടുത്തു. ഈ സമയം മറ്റ് വാഹനങ്ങൾ ഒന്നും തന്നെ കടന്നുവരാതിരുന്നതും വലിയൊരു ദുരന്തം ഒഴിവകാൻ കാരണമായി.
സമയോചിതമായ ഇടപെടലിലൂടെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച രാമചന്ദ്രനും നവാസിനും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ ബസ് ജീവനക്കാർക്ക് ബിഗ് സല്യൂട്ടുമായി മോട്ടോർ വാഹന വകുപ്പും രംഗത്തെത്തിയിട്ടുണ്ട്.

– മോട്ടോർ വാഹന വകുപ്പ് (MVD)

“നിങ്ങളുടെ കരുതൽ കൊണ്ട് മാത്രമാണ് ഇന്ന് ഒരു കുഞ്ഞിന്റെ ജീവൻ രക്ഷപ്പെട്ടത്. ‘അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക’ എന്നത് തന്നെയാണ് ഡ്രൈവിംഗിൽ ഉടനീളം നമ്മൾ പാലിക്കേണ്ട മനോഭാവം. സമയോചിതമായി ബസ് നിർത്തുകയും മറ്റ് അപകടങ്ങൾ കൂടാതെ കുഞ്ഞിനെ സുരക്ഷിതമാക്കുകയും ചെയ്ത ജീവനക്കാർക്ക് അഭിനന്ദനങ്ങൾ”

Leave a Reply

Your email address will not be published. Required fields are marked *