പരീക്ഷ റദ്ദാക്കിയതിലെ കണ്ണീർ പ്രതിഷേധമായി; കാസർകോട്ട് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി

കാസർകോട്: നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് പള്ളിക്കര സ്വദേശിനിയായ വിദ്യാർഥിനി ഐജ മഹേഷ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ കാസർകോട്ട് വൻ പ്രതിഷേധം. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്‌റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ വൻ സംഘർഷമുണ്ടായി.

പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായതിനെത്തുടർന്ന് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തി വീശി. ബാരിക്കേട് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ രണ്ടു തവണ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. കാസർകോട് പുതിയ ബസ്‌റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദാണ് ഉദ്ഘാടനം ചെയ്‌തത്.

എസ്‌എഫ്‌ഐ ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ പി വൈഷ്‌ണവ് സ്വാഗതം പറഞ്ഞ പരിപാടിയിൽ എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് അദിനാൻ ചട്ടഞ്ചാൽ അധ്യക്ഷത വഹിച്ചു. എസ്എഫ്ഐ ജില്ലാ ജോയിൻ്റ് സെക്രട്ടറി എം അനുരാജ്, ജില്ലാ വൈസ് പ്രസിഡൻ്റ് കവിത കൃഷ്‌ണൻ എന്നിവർ സംസാരിച്ചു.

പാലായിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ വലിയ നിരാശയിലായിരുന്നു ഐജ. തുടർന്ന് പാലായിലെ സ്വകാര്യ നീറ്റ് കോച്ചിങ് സെൻ്ററിൽ വെച്ചായിരുന്നു ജൂൺ 2 ന് വിദ്യാർഥിനി ആത്മഹത്യ ചെയ്‌തത്. പരീക്ഷയ്ക്കായുള്ള തുടർപരിശീലനത്തിന് പോയ കാസർകോട് സ്വദേശിനിയായ വിദ്യാർഥിനിയെ ഹോസ്‌റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൂച്ചക്കാട് മുക്കൂട് കിഴക്കേക്കര പൊക്കണംമൂലയിൽ കാദംബരി ഹൗസിൽ മഹേഷ്‌-രാധിക ദമ്പതികളുടെ മകളാണ് അന്തരിച്ച ഐജ ആർ മഹേഷ്.

ജൂൺ 2 ന് പാലാ ചേർപ്പുങ്കലിലെ ഹോസ്‌റ്റലിൽ ഉച്ചയ്ക്ക് 12.45 ഓടെ സഹപാഠികളാണ് ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയെ ഉടൻതന്നെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചേർപ്പുങ്കലിലെ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ വെൻ്റിലേറ്ററിൽ ചികിത്സയിലിരിക്കെ ജൂൺ 3 ന് ഉച്ചയ്‌ക്ക് 12.36 ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു എന്ന് കിടങ്ങൂർ പൊലീസ് അറിയിച്ചു. പരീക്ഷാ അട്ടിമറികൾക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധം തുടരാനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *