കാസർകോട്: കോളിയടുക്കത്ത് കനത്ത മഴയെത്തുടർന്ന് മരം കടപുഴകി വീണ് മൂന്ന് വൈദ്യുതത്തൂണുകൾ തകർന്നു. കുണ്ട ജങ്ഷന് സമീപത്തെ വലിയകുന്നിൽ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഇവിടെയുണ്ടായിരുന്ന വലിയ ഈന്തുമരം എച്ച്.ടി. (High Tension) ലൈനിലേക്ക് കടപുഴകി വീഴുകയായിരുന്നു.
മരവും വൈദ്യുത ലൈനുകളും തകർന്നുവീണതിനെ തുടർന്ന് മുതലപ്പാറ – കല്ലുംകടവ് റോഡിൽ മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. അപകടസമയത്ത് റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. വയലാംകുഴി ട്രാൻസ്ഫോർമറിലേക്ക് പോകുന്ന പ്രധാന ലൈനാണ് പൊട്ടിവീണത്.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും ചട്ടഞ്ചാൽ കെ.എസ്.ഇ.ബി. (KSEB) ജീവനക്കാരും സംയുക്തമായി നടത്തിയ പ്രയത്നത്തിനൊടുവിൽ മരം വെട്ടിമാറ്റി രാത്രിയോടെ റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ, ലൈനുകളും പോസ്റ്റുകളും തകർന്നതിനെ തുടർന്ന് വയലാംകുഴി ട്രാൻസ്ഫോർമർ പരിധിയിലെ പ്രദേശങ്ങളിൽ നിലവിൽ വൈദ്യുതി വിതരണം പൂർണ്ണമായും മുടങ്ങിയിരിക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി ജീവനക്കാർ.













Leave a Reply