ചെർക്കള: ദേശീയപാത നിർമാണത്തെത്തുടർന്ന് ചെർക്കള ടൗണിലുണ്ടാകുന്ന കടുത്ത വെള്ളക്കെട്ട് പരിഹരിക്കാൻ ആർ.ഡി.ഒ. ബിനു ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിൽ നിർണായക തീരുമാനങ്ങൾ. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നിർദേശപ്രകാരം ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചാണ് പുലിക്കുന്ന് ആർ.ഡി.ഒ. ഓഫീസിൽ യോഗം ചേർന്നത്.
രണ്ടര മീറ്റർ വീതിയിൽ പുതിയ ഓവുചാൽ വരുന്നു
ചെർക്കള ടൗണിലെ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കാനായി പാടി റോഡിലെ ഓവുചാൽ മുതൽ ഇപ്പോൾ നിർമിച്ചുകൊണ്ടിരിക്കുന്ന ഓവുചാൽ വരെ രണ്ടരമീറ്റർ വീതിയിലും മൂന്നുമീറ്റർ ആഴത്തിലും പുതിയ ഓവുചാൽ നിർമിക്കും.
ദേശീയപാത അതോറിറ്റി നിലവിൽ നിർമിക്കുന്നത് 1.4 മീറ്റർ വീതിയുള്ള ചെറിയ ഓവുചാലാണ്. ഇത്രയും ചെറിയ ഓവുചാൽ കൊണ്ട് വെള്ളക്കെട്ട് ഒഴിവാകില്ലെന്ന് യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ, ദുരന്തനിവാരണ അതോറിറ്റി നിയമപ്രകാരം വലിയ ഓവുചാൽ നിർമിക്കുന്നതിന് ദേശീയപാത അതോറിറ്റിയെ ചുമതലപ്പെടുത്തണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെടാനും ഇതുസംബന്ധിച്ച നിർദേശം കളക്ടർക്ക് സമർപ്പിക്കാനും യോഗം തീരുമാനിച്ചു.
മേൽപ്പാലത്തിന് താഴെ അടിയന്തരമായി ‘ജിയോ ടെക്സ്ചർ’ ചെയ്യും
ഓവുചാലിന്റെ ബാക്കി ഭാഗം കുണ്ടടുക്കം വലിയ തോടുമായി ബന്ധിപ്പിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി ജോയിന്റ് ഡയറക്ടർ മുഖേന കൈമാറാൻ ചെങ്കള പഞ്ചായത്ത് അധികൃതർക്ക് ആർ.ഡി.ഒ. നിർദേശം നൽകി.
മേൽപ്പാലത്തിനു താഴെ മണ്ണ് കൂട്ടിക്കിടക്കുന്നത് മഴവെള്ളത്തിൽ ഒലിച്ചുപോകാതിരിക്കാൻ അടിയന്തരമായി ‘ജിയോ ടെക്സ്ചർ’ ചെയ്യാമെന്ന് നിർമാണച്ചുമതലയുള്ള മേഘ നിർമാണ കമ്പനി അധികൃതർ യോഗത്തിൽ ഉറപ്പുനൽകിയിട്ടുണ്ട്. മഴ മാറിയാലുടൻ ഇവിടെ കോൺക്രീറ്റ് സംരക്ഷണഭിത്തി പണിയും. കൂടാതെ മുകളിലേക്ക് ചെരിവായി കിടക്കുന്ന ഭാഗം ആർ.സി.സി. (RCC) ചെയ്ത് ബലപ്പെടുത്തുകയും ചെയ്യും.
ജൂൺ 8, 9 തീയതികളിൽ നേരിട്ടുള്ള പരിശോധനകൾ
- ജൂൺ 8 (തിങ്കൾ): രാവിലെ 10 മണിക്ക് നിർമാണക്കമ്പനിയുടെ ജനറൽ മാനേജരും എൻജിനീയർമാരും സ്ഥലത്ത് നേരിട്ടെത്തി പ്രവൃത്തികൾ വിലയിരുത്തും.
- ജൂൺ 9 (ചൊവ്വ): ബേവിഞ്ച ഭാഗത്തെ വെള്ളക്കെട്ടും റോഡുകളുടെ മോശം അവസ്ഥയും നേരിട്ടുകണ്ട് ബോധ്യപ്പെടാനായി ആർ.ഡി.ഒ.യുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ 11 മണിക്ക് പ്രദേശം സന്ദർശിക്കും.
യോഗത്തിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെർക്കള, ചെങ്കള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട്, എൻ.എച്ച്.എ.ഐ. ലെയ്സൺ ഓഫീസർ കെ.സേതുമാധവൻ നായർ, മേഘ കൺസ്ട്രക്ഷൻസ് ലെയ്സൺ ഓഫീസർ ടി.മാധവൻ, യു.എൽ.സി.സി.എൽ. ലെയ്സൺ ഓഫീസർ മനീഷ് കുമാർ, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ, വില്ലേജ് ഓഫീസർമാർ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.













Leave a Reply