കണ്ണൂർ: വിവാഹപ്പന്തലിലേക്ക് ഉയരേണ്ട മംഗളഗാനങ്ങൾക്ക് തൊട്ടുമുമ്പ് നാടിനെ നടുക്കിയ കണ്ണീർവാർത്ത. കതിർമണ്ഡപത്തിൽ എത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വരനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏച്ചൂർ മാവിലച്ചാൽ ‘നാരായണീയ’ത്തിൽ ഭരതന്റെ മകൻ എ. ഷബിൻ (29) ആണ് മരിച്ചത്. ജമ്മുകാശ്മീരിൽ എസ്.എസ്.ബി (SSB) ബോർഡർ പൊലീസിൽ ഉദ്യോഗസ്ഥനായിരുന്നു ഷബിൻ.
തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തിനായുള്ള എല്ലാ ഒരുക്കങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് പൂർത്തിയാക്കിയിരുന്നു. കല്യാണവീടിന്റെ സന്തോഷങ്ങൾക്കിടയിലാണ് നാടിനെ ഞെട്ടിച്ച ദുരന്തം സംഭവിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കും അഞ്ചരയ്ക്കും ഇടയിലുള്ള സമയത്താണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇരുനില വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയോട് ചേർന്ന ബാത്ത്റൂമിലെ ജനൽ കമ്പിയിൽ ബെഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ല. സംഭവത്തിൽ ചക്കരക്കല്ല് പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അങ്കണവാടി അധ്യാപികയായ ഷീബയാണ് ഷബിന്റെ മാതാവ്. സഹോദരി: അഭിഷ.
കതിർമണ്ഡപത്തിൽ എത്താൻ മണിക്കൂറുകൾ മാത്രം ബാക്കി; കണ്ണൂരിൽ വരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ













Leave a Reply