പ്രണയത്തിന്റെ നോവാകുന്ന മടക്കയാത്ര.. മണിയുടെ ചാരെ പ്രഫുല്ലയും

കാസർകോട്: മരണത്തിനും വേർപെടുത്താനാകാത്ത പ്രണയത്തിന്റെ നോവാകുകയാണ് കാസർകോട് കുമ്പള സ്വദേശിനി പ്രഫുല്ല. മൺമറഞ്ഞുപോയ തന്റെ പ്രിയപ്പെട്ടവന് അരികിൽ തന്നെ തനിക്കും ഇടം വേണമെന്ന ആ പെൺകുട്ടിയുടെ അവസാന ആഗ്രഹം സഫലമായി. കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ വീട്ടിൽ ജീവനൊടുക്കിയ പ്രഫുല്ലയുടെ മൃതദേഹം, തമിഴ്‌നാട് തിരുനെൽവേലിയിലെ വള്ളിയൂർ ഗ്രാമത്തിൽ പ്രതിശ്രുത വരൻ മണിയുടെ കല്ലറയ്ക്ക് അരികിൽ തന്നെ സംസ്കരിച്ചു.
നാല് മാസം മുൻപായിരുന്നു ബാങ്ക് ജീവനക്കാരനായ മണിയും പ്രഫുല്ലയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. മഴക്കാലം കഴിഞ്ഞാലുടൻ വിവാഹം നടത്താനിരിക്കെയാണ് വിധി വില്ലനായെത്തിയത്. ഒരു മാസം മുൻപുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മണി പത്ത് ദിവസം മുൻപ് മരണത്തിന് കീഴടങ്ങി.
മണിയുടെ മരണത്തോടെ തകർന്നുപോയ പ്രഫുല്ല, സംസ്കാര ചടങ്ങുകൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയെങ്കിലും കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഒടുവിൽ ഞായറാഴ്ച വൈകുന്നേരം പ്രഫുല്ലയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. “എന്റെ മൃതദേഹം മണിയുടെ അരികിൽ തന്നെ സംസ്കരിക്കണം” എന്ന പ്രഫുല്ലയുടെ ആത്മഹത്യാക്കുറിപ്പിലെ വരികൾ ഇരു കുടുംബങ്ങളെയും കണ്ണീരിലാഴ്ത്തി.
മകളുടെ അന്ത്യാഭിലാഷം നിറവേറ്റാൻ പിതാവ് ജയാനന്ദയും കുടുംബവും തീരുമാനിച്ചതോടെ, കാസർകോട് ജനറൽ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ആംബുലൻസിൽ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. മണിയുടെ വീട്ടുകാരുടെ കൂടി സമ്മതത്തോടെ, ആചാരപരമായ ചടങ്ങുകളോടെ പ്രിയപ്പെട്ടവന്റെ കുഴിമാടത്തിന് അരികിൽ തന്നെ പ്രഫുല്ലയ്ക്കും നിത്യനിദ്രയൊരുക്കി. കണ്ടുനിന്നവരെയെല്ലാം ഈറനണിയിച്ച യാത്രയയപ്പോടെ, പ്രഫുല്ല ഇനി മണിയുടെ ഓർമ്മകൾക്കൊപ്പം വിശ്രമിക്കും.

Leave a Reply

Your email address will not be published. Required fields are marked *