‘സംസ്ഥാന സെക്രട്ടറിയായി സ്വരാജും ജില്ലാ സെക്രട്ടറിയായി ജയരാജനും വരണം’; എം വി ഗോവിന്ദൻ്റെ മണ്ഡലത്തിൽ ഫ്‌ളക്‌സ്

കണ്ണൂര്‍: തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഐഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും ഫ്‌ളക്‌സുകള്‍. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മണ്ഡലത്തിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം സ്വരാജും ജില്ലാ സെക്രട്ടറിയായി പി രാജനും വരണമെന്നാണ് ഫ്‌ളക്‌സ് ബോര്‍ഡിലുള്ളത്.

കുറുമാത്തൂര്‍ സഖാക്കള്‍ എന്ന പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വെച്ചിരിക്കുന്നത്. ‘ജനങ്ങളെ സേവിക്കുക എന്ന ജോലി വിട്ട് വേറെ എന്തെങ്കിലും ചെയ്യാന്‍ തുടങ്ങിയാല്‍ ആ നേതാവിനെ ജനങ്ങള്‍ കീഴ്‌പ്പെടുത്തും’ എന്നും ഫ്‌ളക്‌സില്‍ എഴുതിയിട്ടുണ്ട്. സ്വരാജിന്റെയും ജയരാജന്റെയും ചിത്രത്തിനൊപ്പം ഇഎംഎസിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഐഎമ്മില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കണ്ണൂരിലായിരുന്നു ഈ ആവശ്യം ശക്തമായി ഉയര്‍ന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് എം വി ഗോവിന്ദനെയും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ കെ രാഗേഷിനെയും മാറ്റണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം ഉയര്‍ത്തി കണ്ണൂരില്‍ പോസ്റ്ററുകളും പതിച്ചിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ധര്‍മ്മശാലയിലായിരുന്നു ആദ്യമായി പോസ്റ്റര്‍ പതിച്ചത്. ‘പൊതുമണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പാര്‍ട്ടി സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും മാറ്റുക’ എന്നതായിരുന്നു പോസ്റ്ററിലെ വാചകം. ‘മോറാഴ സഖാക്കള്‍’ എന്ന പേരില്‍ ധര്‍മ്മശാല യൂണിവേഴ്‌സിറ്റി റോഡിലെ കവാടത്തിന്റെ തൂണിലായിരുന്നു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

ഇതിന് പിന്നാലെ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പി ജയരാജന്‍ വരണമെന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടുള്ള പോസ്റ്ററുകളും കണ്ണൂരില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. വ്യാഴാഴ്ച പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തും അഴീക്കോടുമായിരുന്നു പോസ്റ്ററുകള്‍ പതിച്ചത്. ‘പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ’ എന്ന വാചകമായിരുന്നു രണ്ടിടങ്ങളിലും പോസ്റ്ററിലുണ്ടായിരുന്നത്. ‘തിരുത്തേണ്ട പാഠങ്ങളുണ്ട്’ എന്ന പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിലെ വാചകവും ഫ്‌ളക്‌സിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *