പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങിയ ഏപ്രിലില്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ മാരുതി സുസുക്കിക്ക് റെക്കോഡ് നേട്ടം. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് പോയ മാസം രേഖപ്പെടുത്തിയത്. ബ്രെസ്സ, ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്ക്സ്, ജിംനി തുടങ്ങിയ എസ്യുവി മോഡലുകള്‍ക്ക് ലഭിച്ച വന്‍ സ്വീകാര്യതയാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കരുത്ത്. ഇന്ധനവില വര്‍ധനക്കിടെ മാരുതിയുടെ എസ്സിഎന്‍ജി മോഡലുകള്‍ക്കും സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള വാഹനങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറി.
ഏപ്രിലില്‍ 2,39,646 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. ഇതില്‍ 1,91,122 യൂണിറ്റുകള്‍ ആഭ്യന്തര ഉപഭോക്താക്കള്‍ വാങ്ങിയപ്പോള്‍, 40,000ത്തിലേറെ യൂണിറ്റുകള്‍ കയറ്റിയയച്ചു. പാസഞ്ചര്‍ വാഹനങ്ങള്‍ക്കൊപ്പം മാരുതിയുടെ യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും വില്‍പ്പന കൂടിയിട്ടുണ്ട്. ബ്രെസ്സ, എന്ട്ടിഗ, ഇ വിറ്റാര, ഫ്രോങ്ക്സ്, ഗ്രാന്‍ഡ് വിറ്റാര, ജിംനി, വിക്ടോറിസ് എന്നിവയാണ് കൂടുതലായി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 1,79,791 യൂണിറ്റുകളായിരുന്നു ആകെ വിറ്റത്.
ഉപഭോക്താക്കളുടെ താല്പര്യത്തിനനുസരിച്ച് ഫീച്ചറുകളിലും സുരക്ഷയിലും വരുത്തിയ മാറ്റങ്ങള്‍ വലിയ രീതിയില്‍ ഫലം കണ്ടു. സെമികണ്ടക്ടര്‍ ചിപ്പുകളുടെ ലഭ്യതക്കുറവ് പരിഹരിക്കപ്പെട്ടതോടെ വാഹനങ്ങളുടെ ഉല്പാദനം വേഗത്തിലാക്കാന്‍ കമ്പനിക്ക് സാധിച്ചു. നഗരങ്ങളില്‍ പ്രീമിയം കാറുകള്‍ക്കും എസ്യുവികള്‍ക്കും പ്രിയമേറിയപ്പോള്‍, ഗ്രാമീണ മേഖലകളില്‍ മാരുതിയുടെ വിശ്വസ്തമായ ചെറുകാറുകള്‍ മികച്ച പ്രകടനം തുടര്‍ന്നു.













Leave a Reply