കണ്ണൂർ: ഗൾഫ് നാടുകളിൽ പ്രവാസി മലയാളി കുടുംബങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡുകളായ ‘ജീപാസും’ ‘റോയൽഫോർഡും’ ഇനി ഇന്ത്യൻ വിപണിയിലേക്കും. പ്രമുഖ ആഗോള വ്യവസായ ശൃംഖലയായ ‘വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ്’ തങ്ങളുടെ ഈ മുൻനിര ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അതിവേഗം വളരുന്ന ഇന്ത്യൻ ഉപഭോക്തൃ വിപണി ലക്ഷ്യമിട്ട് വൻ വികസന പദ്ധതികൾക്കാണ് ഗ്രൂപ്പ് തുടക്കം കുറിക്കുന്നത്.
തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില് നടന്ന വാർത്താസമ്മേളനത്തിൽ വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നിസാർ ടി.എൻ കമ്പനിയുടെ പുതിയ ചുവടുവെപ്പ് പ്രഖ്യാപിച്ചു. രാജ്യത്തുടനീളം പ്രവർത്തനം വിപുലീകരിക്കാനുള്ള ലക്ഷ്യങ്ങളും അദ്ദേഹം വ്യക്തമാക്കി. സീനിയർ വൈസ് പ്രസിഡൻ്റ് നിവിൻ പണിക്കർ, മാനുഫാക്ചറിംഗ്-പ്രൊക്യൂർമെൻ്റ് ആൻഡ് സപ്ലൈ ചെയിൻ ഹെഡ് സാജിദ് ചീരോത്ത്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഹെഡ് ശ്രീദത്ത് വിശ്വനാഥൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വടകരയിൽ നിന്ന് 5 ബില്യൺ ഡോളർ ആഗോള സാമ്രാജ്യത്തിലേക്ക്
വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ കെ.പി. ബഷീർ വടകരയിൽ നിന്ന് തുടക്കം കുറിച്ച സംരംഭമാണ് ഇന്ന് 35,000-ത്തിലധികം ജീവനക്കാരുള്ള, 5 ബില്യൺ യു.എസ് ഡോളർ വിറ്റുവരവുള്ള ആഗോള ഗ്രൂപ്പായി വളർന്നത്. മാതൃസംസ്ഥാനമായ കേരളത്തിൽ നിന്ന് തന്നെ തങ്ങളുടെ ഇന്ത്യൻ പ്രയാണത്തിന് തുടക്കം കുറിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് കമ്പനി ഭാരവാഹികൾ വ്യക്തമാക്കി. ആഗോളതലത്തിൽ നേടിയ വിശ്വസ്തത ഇന്ത്യയിലെ ഓരോ സാധാരണ കുടുംബങ്ങളിലേക്കും എത്തിക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം.
വിപണി പിടിക്കാൻ മികച്ച ഉൽപ്പന്നങ്ങൾ
- ജീപാസ് (Geepas): ജി.സി.സി രാജ്യങ്ങൾ, യുകെ, ആഫ്രിക്ക എന്നിവിടങ്ങളിൽ 40 വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുള്ള ബ്രാൻഡാണ് ജീപാസ്. ഹോം അപ്ലയൻസസ്, കിച്ചൺ അപ്ലയൻസസ്, ഇലക്ട്രോണിക്സ്, ലൈറ്റിംഗ്, പേഴ്സണൽ കെയർ വിഭാഗങ്ങളിലായി 1,100-ലധികം ഉൽപ്പന്നങ്ങളാണ് ജീപാസ് വിപണിയിലെത്തിക്കുന്നത്.
- റോയൽഫോർഡ് (Royalford): മികച്ച ഡിസൈനും ഈടുറ്റ ഗുണമേന്മയുമുള്ള പ്രീമിയം കിച്ചൺവെയർ, ഹോംവെയർ ബ്രാൻഡായ റോയൽഫോർഡിന് 20 വർഷത്തിലേറെ വിപണി പരിചയമുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആറ് തവണ യു.എ.ഇയിലെ ‘സൂപ്പർബ്രാൻഡ്’ പദവി നേടിയ ബ്രാൻഡാണിത്.
ലക്ഷ്യം ഘട്ടങ്ങളായുള്ള വികസനം
ആദ്യ ഘട്ടത്തിൽ കേരളത്തിലെ ഡീലർ-ഡിസ്ട്രിബ്യൂട്ടർ ശൃംഖല ശക്തമാക്കും. തുടർന്ന് ദക്ഷിണേന്ത്യയിലേക്കും പിന്നീട് രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്കും വിപണി വ്യാപിപ്പിക്കും. കേരളത്തിൽ നിലവിലുള്ള ശക്തമായ ആഫ്റ്റർ സെയിൽസ് സർവീസ് ശൃംഖല മറ്റ് സംസ്ഥാനങ്ങളിലേക്കും കൊണ്ടുവരും. പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ എന്നിവയുമായുള്ള പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനൊപ്പം ഇന്ത്യൻ പാചകരീതികൾക്കും ജീവിതശൈലികൾക്കും അനുയോജ്യമായ ഉൽപ്പന്നങ്ങളും അവതരിപ്പിക്കും.
‘മേക്ക് ഇൻ ഇന്ത്യ’യും സുരക്ഷാ മാനദണ്ഡങ്ങളും
കേന്ദ്ര സർക്കാരിൻ്റെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി കോയമ്പത്തൂരിൽ ബി.ഐ.എസ് അംഗീകൃത ജീപാസ് ഉൽപ്പന്നങ്ങൾക്കായി നിർമ്മാണ യൂണിറ്റ് കമ്പനി സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ വിപണനം ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങളും ബി.ഐ.എസ് സർട്ടിഫിക്കേഷൻ, ബി.ഇ.ഇ സ്റ്റാർ റേറ്റിംഗുകൾ എന്നിവ പാലിക്കുന്നവയാണ്. റോയൽഫോർഡിൻ്റെ നോൺ-സ്റ്റിക് കുക്ക്വെയറുകൾ സുരക്ഷിതമായ പാചകത്തിനായി PTFE, PFOA രഹിതമായാണ് നിർമ്മിച്ചിരിക്കുന്നത്.
കൺസ്യൂമർ ബ്രാൻഡുകൾക്ക് പുറമെ, വടകരയിലെ ബി.പി.ഓ സെൻ്റർ, മുംബൈയിലെ എക്സ്പോർട്ട്-ഇംപോർട്ട് ഡിവിഷൻ, ബംഗളൂരുവിലെ ഐ.ടി ഹബ് എന്നിവയിലൂടെയും വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പിന് ഇന്ത്യയിൽ ശക്തമായ സാന്നിധ്യമുണ്ട്. ദീർഘകാല നിക്ഷേപ പദ്ധതികളിലൂടെ ജീപാസിനെയും റോയൽഫോർഡിനെയും ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാൻഡുകളാക്കി മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
















Leave a Reply